തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തടവുകാർക്ക് പുറമേ ജയിലിലെ ഡോക്ടർക്കും ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 115 പേരിലാണ് ഇന്ന് പരിശോധന നടത്തിയത്. ഇതോടെ പൂജപ്പുര സെൻട്രൽ ജയിലിലെ രോഗബാധിതരുടെ എണ്ണം 217 ആയി. ഇന്ന് രണ്ട് പ്രിസണ്‍ അസിസ്റ്റന്‍റ്മാര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച തടവുകാരെ ജയിലിനുള്ളിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. ഈ ബ്ലോക്കിനെ കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്‍റ് സെന്‍ററാക്കി മാറ്റി.
കഴിഞ്ഞ ദിവസം 100 പേരിൽ നടത്തിയ പരിശോധനയിൽ 41 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വിചാരണ തടവുകാരന് രോഗം ബാധിച്ചതോടെയാണ് ജയിലിലെ മുഴുവൻ തടവുകാർക്കും പരിശോധന നടത്താൻ തീരുമാനിച്ചത്. 975 തടവുകാരാണ് നിലവിൽ പൂജപ്പുരയിൽ ഉള്ളത്. ദിവസം 100 പേരെ വീതമാണ് പരിശോധന നടക്കുന്നത്. ഓരോ ദിവസത്തേയും പരിശോധനയിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുയർത്തുന്ന സാഹചര്യമാണ്.