തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് വീട് കയറി ആക്രമണം നടത്തിയ ഗുണ്ടാ സംഘത്തിലെ നാല് പേര്‍ അറസ്റ്റില്‍. അയിരൂപ്പാറ സ്വദേശികളായ കുട്ടൻ എന്ന സുനിൽകുമാർ (44), സ്റ്റീഫൻ എന്ന ശബരി (35)സ്വാമിയാർ മഠം സ്വദേശി ശ്രീജിത് മോഹൻ (30)മുരുക്കുംപുഴ സ്വദേശി സേവ്യർ വിൻസന്‍റ് (32)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മാസങ്ങൾക്കു മുമ്പ് പട്ടത്ത് ബോംബ് നിർമ്മാണത്തിനിടെ പടക്കം പൊട്ടി കൈ തകർന്നയാളാണ് സ്റ്റീഫൻ.
പച്ചക്കറിക്കച്ചവടക്കാരനായ അനിൽ കുമാറിന്‍റെ വാഹനവും വീടിന്‍റെ ജനൽ ചില്ലുകളുമാണ് ആക്രമണത്തില്‍ തകർന്നത്. വീട്ടിലുണ്ടായിരുന്ന പതിമൂന്നായിരം രൂപയും സംഘം കവർന്നു. വൃദ്ധ മാതാവിനും പേരക്കുട്ടിക്കും മർദ്ദനമേല്‍ക്കുകയും ചെയ്‌തു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് അക്രമം നടന്നത്. പുറത്തെ ശബ്ദം കേട്ട് ഇറങ്ങിയ അനിൽ കുമാറിന്‍റെ അമ്മ ബേബി (73) സഹോദരീ പുത്രൻ ആനന്ദ് (22) അയൽവാസി ശശി എന്നിവരെയാണ് സംഘം മർദിച്ചത്.
മദ്യപിച്ച് ലക്കുകെട്ട സംഘം ഇന്ന് കാട്ടായിക്കോണത്ത് അക്രമം നടത്തിയതറിഞ്ഞെത്തിയ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതേ സംഘം പോത്തൻകോട്ടെ ബാറിലും ഇന്നലെ അക്രമം നടത്തിയിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
കൂടുതല്‍ വായിക്കാന്‍: ചെങ്കോട്ടുകോണത്ത് ഗുണ്ടകള്‍ വീട് കയറി അക്രമിച്ചു