തിരുവനന്തപുരം: ജില്ലയിൽ കൂടുതൽ സീറ്റുകളിൽ കൂടുതൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥികൾ മത്സരിക്കണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ശുപാർശ നൽകി. ഘടകകക്ഷികൾക്ക് നൽകിയ സീറ്റുകൾ ഏറ്റെടുത്ത് സിപിഎം നേരിട്ട് മത്സരിക്കണം. ഇത് ജയസാധ്യത വർധിപ്പിക്കുമെന്നും സിപിഎം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കോവളം, തിരുവനന്തപുരം സീറ്റുകള്‍ ഏറ്റെടുക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ പ്രധാന ആവശ്യം. നിലവിൽ കോൺഗ്രസിന്‍റെ കൈവശമുള്ള ഈ രണ്ട് സീറ്റുകളും സിപിഎം സ്ഥാനാർഥികൾ മത്സരിച്ചാൽ പിടിച്ചെടുക്കാം എന്നാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
എല്‍ഡിഎഫില്‍ നിലവിൽ കോവളം ജെഡിഎസിന്‍റെയും തിരുവനന്തപുരം ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെയും സീറ്റുകളാണ്. ജനാധിപത്യ കേരള കോൺഗ്രസിൽ നിന്ന് ഫ്രാൻസിസ് ജോർജ് വിഭാഗം വിട്ടു പോയതോടെ പാർട്ടി തന്നെ ദുർബലമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവർക്ക് ഒരു സീറ്റ് മാത്രം നൽകിയാൽ മതിയെന്നാണ് സിപിഎം കണക്കുകൂട്ടൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യ കേരള കോൺഗ്രസിനായി ആന്‍റണി രാജുവാണ് തിരുവനന്തപുരത്ത് മത്സരിച്ചത്. വിഎസ് ശിവകുമാറിനോടാണ് ആന്‍റണി രാജു പരാജയപ്പെട്ടത്. സിപിഎം മത്സരിച്ചാൽ ഈ സീറ്റ് പിടിച്ചെടുക്കാൻ കഴിയും എന്നാണ് ജില്ലാ കമ്മിറ്റിയുടെ പ്രധാന നിർദേശം.
വി.എസ്. ശിവൻകുട്ടി, എ.എ റഷീദ്, ഐ.പി ബിനു തുടങ്ങിയ പേരുകളാണ് സിപിഎം പരിഗണനയിലുള്ള പേരുകൾ. കോവളത്തേക്ക് വിജയസാധ്യത കണക്കാക്കി സ്ഥാനാർഥികളുടെ പേരുകൾ നിർദ്ദേശിക്കാൻ ഞാൻ കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന നേതൃത്വമാകും അന്തിമ തീരുമാനം എടുക്കുക. 14 സീറ്റുകളുള്ള തിരുവനന്തപുരം ജില്ലയിൽ നിലവിൽ 10 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. നെടുമങ്ങാട്, ചിറയിൻകീഴ് നിയമസഭാ മണ്ഡലങ്ങളിൽ സിപിഐയാണ് മത്സരിക്കുന്നത്.