തിരുവനന്തപുരം: ദുരന്ത മേഖലകളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങാകാൻ വേണ്ട തയാറെടുപ്പുകളുമായി നാഷണൽ സർവീസ് സ്കീമിലെ ഒരുകൂട്ടം വിദ്യാർഥികൾ. തിരുവനന്തപുരം ജില്ലയിലെ 101 സ്‌കൂളുകളിൽനിന്നായി തെരഞ്ഞെടുത്ത 202 വിദ്യാർഥികൾക്ക് ഫയര്‍ ഫോഴ്‌സിന്‍റെ നെയ്യാറ്റിൻകര യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കി. സ്റ്റേഷൻ ഓഫീസർ എസ്.ടി സജിത്ത്, ലീഡിങ് ഫയർമാൻ പി.ബി പ്രേംകുമാർ എന്നിവർക്ക് പുറമേ എൻ.സി.പി.സി നാഗ്പൂരിൽ നിന്നും പ്രത്യേക പരിശീലനം നേടിയ സംഘവും ചേർന്നാണ് കുട്ടികൾക്ക് വേണ്ട പരിശീലനങ്ങൾ നൽകിയത്.
ദുരന്തമുഖത്ത് പെട്ടെന്ന് ലഭിക്കാവുന്ന ഉൽപ്പന്നങ്ങളായ തേങ്ങ, പ്ലാസ്റ്റിക് കുപ്പികൾ, അലുമിനിയം പാത്രങ്ങൾ, കാലി കന്നാസ് തുടങ്ങിയവ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള (ഇന്‍റര്‍ വൈസ്‌ഡ് ഫ്ലോട്ടിങ് ഡിവൈസ്) പരിശീലവും അവ ഉപയോഗിക്കേണ്ട രീതികളെക്കുറിച്ചും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പരിശീലനം ലഭിച്ച കുട്ടികള്‍ തങ്ങളുടെ സ്കൂളുകളിൽ എത്തി മറ്റുള്ള വിദ്യാർഥികൾക്ക് പഠിച്ച കാര്യങ്ങള്‍ പകർന്ന് നൽകും. സ്‌കൂള്‍ തലത്തിൽ വാർത്തെടുക്കുന്ന ഇത്തരം കർമ സേനകള്‍ ദുരന്ത മുഖങ്ങളിൽ വലിയ സഹായകരമാകും.