തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികളില്‍ തക്കാളി പനി വീണ്ടും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുകയാണ്. 82 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത്. രോഗ ലക്ഷണമുള്ളവരുടെ പരിശോധനാഫലം ഇനിയും പുറത്തുവരാനുള്ളതിനാല്‍ രോഗികളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.
കൊല്ലം ജില്ലയിലാണ് തക്കാളി പനി റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ആര്യങ്കാവ്, അഞ്ചല്‍, നെടുവത്തൂര്‍ എന്നീ പ്രദേശങ്ങളിലാണ് രോഗം കൂടുതലും റിപ്പോര്‍ട്ട് ചെയ്‌തത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയാണ് തക്കാളി പനി ബാധിക്കുന്നത്.
രോഗം റിപ്പോര്‍ട്ട് ചെയ്‌തയിടങ്ങളില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. അങ്കണവാടികള്‍ അടക്കമുള്ള സ്ഥലങ്ങളിലെ സമ്പര്‍ക്കത്തിലൂടെയാകും പ്രധാനമായും രോഗം പകരുക. അതിനാല്‍ അങ്കണവാടികള്‍ അടച്ചിടാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടിയവരുടേതാണ്. കൂടുതല്‍ പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെങ്കില്‍ കേസുകളുടെ എണ്ണം ഇനിയും ഉയരും. കാല്‍വെള്ളയിലും സ്വകാര്യ ഭാഗത്തും കൈവെള്ളയിലും വായിലും കുരുക്കളും തടിപ്പും കാണപ്പെടുന്നതാണ് തക്കാളി പനിയുടെ പ്രധാന ലക്ഷണമായി കണക്കാക്കുന്നത്. ഇതിന് പുറമേ കടുത്ത പനിയും അതികഠിനമായ ശരീര വേദനയും അനുഭവപ്പെടാറുണ്ട്.
ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യ വകുപ്പ് : നിലവില്‍ തക്കാളി പനി എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് കണ്ടെത്തിയിട്ടില്ല. മഴക്കാലം കൂടി എത്താനിരിക്കെ പകര്‍ച്ചവ്യാധികള്‍ ബാധിക്കാനുള്ള സാഹചര്യം കൂടുതലാണ്. ഇതിനിടയില്‍ കുട്ടികളില്‍ തക്കാളി പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഗാരവമായാണ് ആരോഗ്യ വകുപ്പ് കാണുന്നത്.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോര്‍ജ് എല്ലാ ജില്ലകളിലേയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. പകര്‍ച്ചവ്യാധി പ്രതിരോധമായിരുന്നു യോഗം ചര്‍ച്ച ചെയ്‌തത്. ഈ യോഗത്തിലും തക്കാളി പനി സംബന്ധിച്ച് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകളില്‍ ബോധവത്കരണം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
എന്താണ് തക്കാളി പനി ?: അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ കണ്ടുവരുന്ന രോഗമാണ് തക്കാളി പനി. അപൂര്‍വമായി മുതിര്‍ന്നവരിലും രോഗം കാണാറുണ്ട്. ഇതിന്‍റെ കാരണം സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.
ചുണങ്ങ്, ചര്‍മത്തിലെ പ്രകോപനം, നിര്‍ജലീകരണം എന്നിവയാണ് തക്കാളി പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഇതിന് പുറമേ ചര്‍മത്തില്‍ വട്ടത്തില്‍ ചുവന്ന പാടുകളും കാണപ്പെടുന്നു. അതുകൊണ്ടാണ് ഈ രോഗത്തെ തക്കാളി പനി എന്ന് പറയുന്നത്.
അതികഠിനമായ നിര്‍ജലീകരണവും കുഞ്ഞ് അനുഭവിക്കുന്നു. ഇതോടൊപ്പം കടുത്ത പനി, ശരീര വേദന, സന്ധിവേദന, ക്ഷീണം, തക്കാളി പോലുള്ള പാടുകള്‍, ശാരീരിക ഊര്‍ജമില്ലായ്‌മ, വായയില്‍ വരുന്ന പൊള്ളലുകള്‍ പോലുള്ള അസ്വസ്ഥതകള്‍, കൈവെള്ള, കാല്‍വെള്ള, കാല്‍മുട്ടുകള്‍, നിതംബം എന്നിവിടങ്ങളിലെ നിറവ്യത്യാസവുമാണ് തക്കാളിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കുഞ്ഞിന്‍റെ വായ്ക്കുള്ളിലും തൊണ്ടയിലും കുരുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ഏറെ ബുദ്ധിമുട്ടുണ്ടാകും.
വേഗത്തിലുള്ള ചികിത്സ അനിവാര്യം : തക്കാളി പനിയുടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വേഗത്തില്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖമാണിത്. കൃത്യമായ രോഗനിര്‍ണയവും പരിചരണവും ആവശ്യമാണ്.
നിര്‍ജലീകരണം പോലുള്ള പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുഞ്ഞിന്‍റെ ആരോഗ്യത്തെ ഇത് സാരമായി ബാധിക്കും. കൂടാതെ ശരീരത്തിലുണ്ടാകുന്ന ചുവന്ന പാടുകളില്‍ ചൊറിച്ചിലുണ്ടാകാന്‍ സാധ്യതയുണ്ട്. തക്കാളി പനി ബാധിച്ച കുട്ടികളില്‍ ദീര്‍ഘകാലം ഇത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കാണാറുണ്ട്.