തിരുവനന്തപുരം: കൊവിഡില്‍ രാജ്യത്ത് ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച രണ്ടാമത്തെ പാക്കേജും അപര്യാപ്‌തമാണെന്ന് ധനമന്ത്രി തോമസ് ഐസക്. 60 ശതമാനം പണം സംസ്ഥാനങ്ങൾക്ക് നൽകുമെന്ന പ്രഖ്യാപനം ശരിയല്ല. ഇതനുസരിച്ച് സംസ്ഥാനത്തിന് 729 കോടി രൂപ മാത്രമേ ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരുകളുടെ വെയിസ് ആന്‍ഡ് മീൻസ് പരിധി 60 ശതമാനം ഉയർത്തിയതുകൊണ്ട് അവരുടെ സാമ്പത്തിക ഞെരുക്കത്തിൽ വലിയ മാറ്റമുണ്ടാകാൻ പോകുന്നില്ല. കേരളത്തിന് ഇപ്പോൾ ഓവർ ഡ്രാഫ്റ്റ് അടക്കം 3159 കോടി രൂപ വായ്‌പയെടുക്കാൻ അനുവാദമുണ്ട്. ഇതിന്‍റെ പകുതി വരുന്ന ഓവർ ഡ്രാഫ്റ്റ് 21 ദിവസത്തിനുള്ളി തിരിച്ചടക്കണം. ഇതിൽ 729 കോടി രൂപയുടെ വർധന മാത്രമാണ് പുതിയ പ്രഖ്യാപനത്തിലൂടെ ഉണ്ടാകുന്നത്. ഇതു തന്നെ സെപ്റ്റംബർ 30 വരെ മാത്രമേയുള്ളൂവെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളുടെ ധനകമ്മി പരിധി മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. കൂടാതെ വായ്‌പകള്‍ക്കുള്ള മോറട്ടോറിയം ഒരു വർഷത്തേക്ക് നീട്ടണമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.