തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി മൂന്ന് കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ തുറക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ്. ചെറിയ ലക്ഷണങ്ങളോട് കൂടിയ കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനാണ് സി.എസ്.എല്‍.ടി.സികള്‍ തുറക്കുന്നത്.
പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രി, നെടുമങ്ങാട് റിംസ് ആശുപത്രി, എഫ്.എച്ച്.സി ചെങ്കല്‍ എന്നിവയെയാണ് ദുരന്തനിവാരണനിയമം 2005 പ്രകാരം ജില്ലാ കലക്‌ടര്‍ സി.എസ്.എല്‍.ടി.സികളായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള പേരൂര്‍ക്കട സര്‍ക്കാര്‍ ഇ.എസ്.ഐ ആശുപത്രിയില്‍ 60 കിടക്കകളോടെയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
സി.എസ്.എല്‍.ടി.സിയുടെ സുഗമവും കാര്യക്ഷമവുമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. നിലവില്‍ സി.എഫ്.എല്‍.ടി.സിയായി പ്രവര്‍ത്തിക്കുന്ന നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ റിംസ് ഹോസ്‌പിറ്റല്‍, നെയ്യാറ്റിന്‍കര ചെങ്കല്‍ പഞ്ചായത്തിലെ എഫ്.എച്ച്.സി എന്നീ ആശുപത്രികളെ സി.എസ്.എല്‍.ടി.സി ആയി അപ്ഗ്രേഡ് ചെയ്തു. റിംസ് ആശുപത്രിയില്‍ 80 കിടക്കകളും എഫ്.എച്ച്.സി ചെങ്കലില്‍ 50 കിടക്കകളും അനുവദിച്ചിട്ടുണ്ട്.
ALSO READ: മാനദണ്ഡം പുതുക്കിയത് സി.പി.എമ്മിനായി; ഗുരുതര ആരോപണവുമായി വി.ഡി സതീശൻ
സി.എസ്.എല്‍.ടി.സികളില്‍ 20 ശതമാനം കിടക്കകള്‍ ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയുള്ളതാകണമെന്ന് ജില്ലാ ഇന്‍ഫ്രാസ്ട്രക്‌ചർ നോഡല്‍ ഓഫീസര്‍ ഉറപ്പുവരുത്തണമെന്നും ആവശ്യാനുസരണം ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം കൂട്ടണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. സി.എസ്.എല്‍.ടി.സികള്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷയും ഉറപ്പാക്കാന്‍ ജില്ലാ പെലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.