തിരുവനന്തപുരം: ശ്രീകാര്യം സിഇടി എഞ്ചിനീയറിങ് കോളജിന് മുന്നിലെ വിവാദമായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വിദ്യാർഥികൾ ഒരുമിച്ച് ഇരിക്കുന്നുവെന്ന കാരണം പറഞ്ഞ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് പണിത നടപടി ശരിയായില്ലെന്ന് മേയർ പറഞ്ഞു. നഗരസഭ ഇവിടെ ആധുനിക നിലവാരത്തിലുള്ള കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്നും മേയർ വ്യക്തമാക്കി.
പുതിയ കാത്തിരിപ്പ് കേന്ദ്രത്തിൽ സദാചാര പൊലീസിങ് രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു. കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് നിരന്ന് ഇരിക്കാവുന്ന ഇരിപ്പിടം മുറിച്ചുനീക്കി മൂന്ന് കസേരകൾ മാത്രമാക്കിയതോടെയാണ് സംഭവം വിവാദമായത്. എഞ്ചിനീയറിങ് കോളജിലെ ആൺകുട്ടികളും പെൺകുട്ടികളും കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരുമിച്ച് ഇരിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്യുന്നുവെന്ന സദാചാരവാദം ഉയര്‍ത്തി റസിഡൻസ് അസോസിയേഷനാണ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു പണിതത്.
ഇതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ 'അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളു, മടീല്‍ ഇരിക്കാലോല്ലെ' എന്ന അടിക്കുറിപ്പുമായി ഫോട്ടോയെടുത്ത് ഫേസ്‌ബുക്കില്‍ ഇട്ടതോടെ സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. കൊവിഡിന്‍റെ സാഹചര്യത്തിൽ ആളുകള്‍ അകലം പാലിക്കുന്നതിനാണ് ഇങ്ങനെ ചെയ്‌തതെന്നായിരുന്നു റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ വിശദീകരണം. എന്നാല്‍ ഈ വിശദീകരണം മേയർ തള്ളി.
കൊവിഡിന്‍റെ തീവ്രത കുറഞ്ഞപ്പോഴാണോ ഇത്തരമൊരു ചിന്ത വന്നതെന്നായിരുന്നു മേയറുടെ മറുചോദ്യം. വിദ്യാർഥികളുടെ പെരുമാറ്റം സംബന്ധിച്ച് ഒരു പരാതിയും എവിടെയും ലഭിച്ചിട്ടില്ലെന്നും പരാതികൾ ഉണ്ടെങ്കിൽ നിയമപരമായി നേരിടുകയാണ് വേണ്ടതെന്നും മേയര്‍ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.