തിരുവനന്തപുരം : മെയ് മൂന്ന് വരെ സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം വേണ്ടെന്ന് സർക്കാർ തീരുമാനം. നിയന്ത്രണത്തിൽ ഇളവ് അനുവദിച്ച ജില്ലകളിലും പൊതുഗതാഗതം വേണ്ടെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ജില്ലകളിൽ അറുപത് കിലോമീറ്റർ ദൂര പരിധിയിൽ ബസുകൾ ഓടാമെന്നാണ് നേരത്തെ ഇറക്കിയ ഉത്തരവിൽ പറഞ്ഞത്. എന്നാൽ ഇളവുകൾ പ്രാബല്യത്തിലാകുന്ന മുറക്ക് ജില്ലകൾക്കുള്ളിൽ ഹ്രസ്വദൂര ബസ് സർവീസ് അനുവദിച്ച് ഇറക്കിയ ഉത്തരവ് സർക്കാർ തിരുത്തി. സര്‍വീസുകൾ പുനരാരംഭിക്കില്ല.
നേരത്തെ കർശനമായ ഉപാധികളോടെ ഗ്രീൻ സോണിലുള്ള കോട്ടയം, ഇടുക്കി ജില്ലകളിൽ പൊതുഗതാഗതം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഒരു സീറ്റിൽ ഒരാളെ മാത്രം അനുവദിക്കുക, നിർത്തിയുള്ള യാത്ര ഒഴിവാക്കുക തുടങ്ങിയവയായിരുന്നു മാനദണ്ഡങ്ങൾ. എന്നാൽ ഇത്തരത്തിൽ പൊതുഗതാഗതം തുറന്നുകൊടുക്കുന്നത് നിയന്ത്രണങ്ങളിൽ പാളിച്ചയുണ്ടാക്കും എന്ന വിലയിരുത്തലിലാണ് സർക്കാരിന്‍റെ പുതിയ തീരുമാനം. സർക്കാർ പുതിയ തീരുമാനമെടുത്ത സാഹചര്യത്തിൽ മാനദണ്ഡത്തിലെ 13.3 ഖണ്ഡികയിൽ മാറ്റം വരുത്തി.
തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരെ എത്തിക്കുന്നതിനായി കർശന നിയന്ത്രണത്തോടെയാകും വാഹനങ്ങൾ അനുവദിക്കുക. അതേ സമയം സ്വകാര്യ വാഹനങ്ങൾ കർശന ഉപാധികളോടെ നിരത്തിലിറക്കാം. മൂന്നു ചക്രവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ രണ്ടു പേർക്കും നാലു ചക്രവാഹനങ്ങളിൽ ഡ്രൈവർ കൂടാതെ രണ്ടു പേർക്കും യാത്ര ചെയ്യാം.