തിരുവനന്തപുരം: 2021-22 അധ്യയന വർഷം കേരളത്തിൽ പുതിയ ഹയർസെക്കൻഡറി സ്‌കൂളുകളും അധിക ബാച്ചുകളും ഇല്ല. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹയർ സെക്കൻഡറി മേഖലയിലെ വിദ്യാഭ്യാസ ആവശ്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കൺവീനറായ ജില്ലാതല കമ്മിറ്റിയും പൊതുവിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയെയും നിയോഗിച്ചിരുന്നു.
ഈ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം സീറ്റുകൾ കുറവുള്ള ജില്ലകളിൽ അധികസീറ്റുകൾ ഇതിനോടകം അനുവദിച്ചിട്ടുണ്ട്.
പ്ലസ്‌വൺ പരീക്ഷയ്ക്ക് നിർദ്ദേശങ്ങൾ
ഈ മാസം 24 ന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയിൽ വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശനം ഒരു കവാടത്തിലൂടെ മാത്രമായിരിക്കും. കവാടത്തിൽ തന്നെ സാനിറ്റൈസർ നൽകി ശരീരോഷ്മാവ് പരിശോധിക്കും. യൂണിഫോം നിർബന്ധം ആയിരിക്കില്ല.
ആരോഗ്യ പ്രവർത്തകർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.