തിരുവനന്തപുരം: പ്രതിഭയും അനുഭവങ്ങളും ചാലിച്ച് കടയ്ക്കൽ പുഷ്പന്റെ ചിത്രങ്ങളുടെ പ്രദർശനം. മ്യൂസിയം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പ്രദർശനത്തിലെ ഓരോ ചിത്രത്തിലും നിറങ്ങളുടെ സൂക്ഷ്മതയോടെയുള്ള പ്രയോഗം കാണാം. ഇലപൊഴിയും കാലം, മറുതീരം പ്രതീക്ഷയോടെ നോക്കുന്ന മാൻ കിടാങ്ങള്‍, പ്രകൃതിയുടെ വിവിധ ഭാവങ്ങൾ, കൊയ്ത്തുകാരി, പ്രാർഥിക്കുന്ന സ്ത്രീ, പുകവലിക്കാരന്‍. അങ്ങനെ കാഴ്ചക്കാരന് അനുഭവമാവുകയാണ് ഈ ചിത്രപ്രദര്‍ശനം. വൈവിധ്യങ്ങളുടെ പൂർണതയാണ് കടയ്ക്കൽ പുഷ്പന്റെ ചിത്രങ്ങൾ. എണ്ണച്ചായത്തിലും ജലച്ചായത്തിലുമുള്ള ചിത്രങ്ങളും, ഫേവറിറ്റ് പോസ്റ്റർ കളറും എല്ലാം ഉള്‍പ്പെടുന്നു.
സിനിമാ പോസ്റ്റർ ഡിസൈൻ രംഗത്തെ തലയെടുപ്പുള്ള പേരാണ് ആർട്ടിസ്റ്റ് പുഷ്‌പന്‍ എന്നത്. 1966 മുതൽ ഹിന്ദി, തമിഴ്, മലയാളം സിനിമകളിൽ പ്രവർത്തിച്ചുവരികയാണ്. തുടർന്ന് സ്റ്റുഡിയോയും ചിത്രകലാ വിദ്യാലയവും ആരംഭിച്ച അദ്ദേഹത്തിന്‍റെ ആദ്യ ചിത്രപ്രദർശനമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ടാഗോർ, വൈക്കം മുഹമ്മദ് ബഷീർ, ശ്രീനാരായണഗുരു അങ്ങനെ മഹാന്മാരുടെ പോർട്രെയിറ്റുകളും പ്രദർശനത്തിനുണ്ട്. 16 ന് പ്രദർശനം സമാപിക്കും.