തിരുവനന്തപുരം: ഡിസിസി പ്രസികഡന്‍റ് നിയമനവുമായി ബന്ധപ്പെട്ട കലാപങ്ങൾക്ക് പരിഹാരം കാണാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരിട്ട് രംഗത്ത്. ഇടഞ്ഞു നിന്ന മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി. രമേശ് ചെന്നിത്തല എന്നിവരുമായി കെ സുധാകരൻ ചർച്ച നടത്തി.
"പ്രശ്നങ്ങൾ അവസാനിച്ചെന്ന്"
ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട കെ സുധാകരൻ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചെന്ന് വ്യക്തമാക്കി. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് കെ സുധാകരന്‍റെ പ്രതികരണം. തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ത്തതായാണ് സൂചന.
ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഡയറി ഉയര്‍ത്തിക്കാട്ടിയ സംഭവം തികച്ചും അപമാനകരമായെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി താന്‍ എഴുതി നല്‍കിയ പേരുകള്‍ എന്ന നിലയില്‍ അത് മാദ്ധ്യമങ്ങളില്‍ വരാനിടയായ സാഹചര്യം പ്രവര്‍ത്തകര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച സുധാകരന്‍ പെട്ടെന്നുള്ള വികാര തള്ളിച്ചയില്‍ സംഭവിച്ചതാണതെന്ന് വിശദീകരിച്ചു.
ഇനി നടക്കാന്‍ പോകുന്ന പുന സംഘടന ചര്‍ച്ചകളില്‍ ഇരു നേതാക്കളെയും വിശ്വാസത്തിലെടുത്തു മാത്രമേ മുന്നോട്ടു പോകുകയുള്ളൂ എന്നും ഇരുവരുടെയും പൂര്‍ണ പിന്തുണ വേണമെന്നും സുധാകരന്‍ അഭ്യര്‍ഥിച്ചു. തര്‍ക്കങ്ങള്‍ അവസാനിച്ചെന്നും കോണ്‍ഗ്രസാണ് മുഖ്യമെന്ന് രമേശും ഉമ്മന്‍ചാണ്ടിയും അറിയിക്കകയും ചെയ്തതോടെ മഞ്ഞുരുകലിന് തുടക്കമായി.
താരിഖ് അൻവർ വരില്ല
പ്രശ്‌ന പരിഹാരത്തിന് കേരളത്തിലെത്താന്‍ നിശ്ചയിച്ചിരുന്ന കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്‍റെ യാത്ര ഈ സാഹചര്യത്തില്‍ വേണ്ടെന്നു വച്ചു. ഇക്കാര്യം സുധാകരന്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ അപകീര്‍ത്തികരമായ പ്രസ്തവന നടത്തിയ കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനോട് വിശദീകരണം തേടുമെന്ന് സുധാകരന്‍ രണ്ടു നേതാക്കള്‍ക്കും ഉറപ്പു നല്‍കി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചര്‍ച്ചകളില്‍ പങ്കെടുത്തു. അതിനു ശേഷം നടന്ന യു.ഡി.എഫ് യോഗത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കുകയും ചെയ്തു.