തിരുവനന്തപുരം: കൊവിഡ് ഹോട്ട്‌സ്‌പോട്ടായതോടെ നഗരസഭയില്‍ പൊലീസ് നിയന്ത്രണം ശക്തമാക്കി. നഗത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചാണ് പൊലീസിന്‍റെ പരിശോധന. ജില്ലയിലെ മറ്റ് രണ്ട് ഹോട്ട്‌സ്‌പോട്ടുകളായ വര്‍ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലും നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങിയതിനെ തുടര്‍ന്നാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്. നഗരാതിര്‍ത്തികളില്‍ നിന്ന് സിറ്റിയിലേക്ക് പ്രവേശിക്കാനും തിരികെ പോകാനും വാഹനങ്ങള്‍ക്ക് ആറ് സ്ഥലങ്ങളിലൂടെ മാത്രമാണ് അനുമതി. മണ്ണന്തലക്ക് സമീപം മരുതൂര്‍, കഴക്കൂട്ടത്തിനു സമീപം വെട്ടുറോഡ്, പേരൂര്‍ക്കടക്ക് സമീപം വഴയില, പൂജപ്പുരക്ക് സമീപം കുണ്ടമണ്‍ കടവ്, നേമത്തിനു സമീപം പ്രാവച്ചമ്പലം, വിഴിഞ്ഞത്തിനു സമീപം മുക്കോല എന്നീ ആറ് സ്ഥലങ്ങളിലാണ് പരിശോധന കേന്ദ്രങ്ങള്‍.
അനാവശ്യമായി വാഹനങ്ങളെ മാത്രമല്ല കാല്‍നടയായും ജനങ്ങളെ മറ്റു വഴികളിലൂടെ പ്രവേശിപ്പിക്കില്ല. പൊലീസിന്‍റെ പാസ് അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമാകും അനുവദിക്കുക. നഗരത്തിനുള്ളില്‍ കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. മെഡിക്കല്‍ ഷോപ്പുകളും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. നഗരത്തില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ ബാധകമല്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ വ്യക്തമാക്കി.