തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയകളുടെ ഫലപ്രാപ്തി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ചിലവുകുറഞ്ഞ ബ്ലഡ് ഫ്ലോ മീറ്റർ വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി. രക്തപ്രവാഹ നിരക്ക് കണക്കാക്കിയാണ് ഹൃദയശസ്ത്രക്രിയകളുടെ വിജയം നിർണയിക്കുന്നത്. ഇതിനായാണ് ബ്ലഡ് ഫ്ലോ മീറ്റര്‍ ഉപയോഗിക്കുന്നത്. ഇന്ത്യ പൂർണമായും ആശ്രയിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ബ്ലഡ് ഫ്ലോ മീറ്ററുകളെയാണ്. ഇത്തരത്തിൽ ഇറക്കുമതി ചെയ്യുന്ന ഉപകരണത്തിന് 25 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെ വില വരും. രാജ്യത്തെ ചുരുക്കം ചില സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ മാത്രമാണ് ഇത്തരം ഉപകരണം സ്വന്തമായുള്ളത്. ഇതിൽ വിപ്ലവകരമായ മാറ്റം വരുത്താൻ ശ്രീചിത്രയിലെ ഗവേഷകരുടെ കണ്ടുപിടുത്തം കൊണ്ട് സാധിക്കും.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ശ്രീചിത്രയുടെ ബ്ലഡ് ഫ്ലോ മീറ്ററിന്‍റെ വില ആയിരങ്ങളിൽ ഒതുങ്ങുമെന്ന് ഡയറക്ടർ ഡോ. ആശ കിഷോർ അറിയിച്ചു. കൈവെള്ളയിലൊതുങ്ങുന്നതാണ് ശ്രീചിത്ര വികസിപ്പിച്ചെടുത്ത ബ്ലഡ് ഫ്ലോ മീറ്റർ. ഇതിൽ നൂതനമായ കാന്തിക രീതിയും സിഗ്നൽ കണ്ടീഷനിങ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് രക്തപ്രവാഹം അളക്കുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണത്തിലെ സാങ്കേതികവിദ്യ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ പ്രോഡക്ടസിന് ശ്രീചിത്ര കൈമാറി.
ശ്രീ ചിത്രയുടെ ബയോടെക്നോളജി വിഭാഗത്തിലെ മെഡിക്കൽ ഡിവൈസ് എൻജിനീയറിങ് വകുപ്പിലെ ഗവേഷകരായ ശരത് എസ്. നായർ, വിനോദ് കുമാർ.വി, ശ്രീദേവി.വി, നാഗേഷ് ഡി.എസ് എന്നിവരടങ്ങിയ സംഘമാണ് ബ്ലഡ് ഫ്ലോ മീറ്റർ വികസിപ്പിച്ചെടുത്തത്. ബ്ലഡ് ഫ്ലോ മീറ്ററിന്‍റെ പേറ്റന്‍റിനായി ഇൻസ്‌റ്റിറ്റ്യൂട്ട് അപേക്ഷ സമർപ്പിച്ചു.