തിരുവനന്തപുരം : സ്‌പെഷ്യല്‍ ഓണക്കിറ്റ് നല്‍കാൻ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്തെ ചില്ലറ റേഷന്‍ വ്യാപാരികള്‍ക്കും സെയില്‍സ്‌മാന്‍മാര്‍ക്കും കൊവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനമായി.
ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന ആളൊന്നിന് 1,060 രൂപ പ്രീമിയം നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. 28,398 എഫ്.പി.എസ്. ഡീലര്‍മാര്‍ക്കും സെയില്‍സ്‌മാൻമാർക്കും 7.5 ലക്ഷം രൂപയുടെ കൊവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കുക.
ഹര്‍ഷാദിന്‍റെ കുടുംബത്തിന് സഹായം
രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം മൃഗശാലയിലെ കീപ്പറായിരുന്ന ഹര്‍ഷാദിന്‍റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കും. ഇതില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും.
വീടും നിര്‍മിച്ച് നല്‍കും. ഇതിന് പുറമെ ആശ്രിത നിയമന പദ്ധതി പ്രകാരം ഹര്‍ഷാദിന്‍റെ ഭാര്യയ്ക്ക് സീനിയോറിറ്റി മറികടന്ന് ജോലി നല്‍കും. മകന്റെ 18 വയസുവരെയുള്ള വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.
ടട്ടുവിന്‍റെ കുടുംബത്തിനും സഹായം
കൊവിഡ് ബാധിച്ച് 2020 ഒക്ടോബര്‍ 14 ന് മരണപ്പെട്ട ഓട്ടോ ഡ്രൈവറായിരുന്ന തിരുവനന്തപുരം ഇടപ്പഴഞ്ഞി സ്വദേശി ടട്ടുവിന്‍റെ കുടുംബത്തിന് സഹായം നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനും ജീവനോപാധിക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3 ലക്ഷം രൂപ അനുവദിച്ചു.
Also Read: രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ മരിച്ചു
സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ മുന്‍ഗണനാക്രമത്തില്‍ വീടോ ഫ്ളാറ്റോ അനുവദിക്കും.
അതുവരെ കോര്‍പ്പറേഷന്‍ പരിധിയില്‍ താത്ക്കാലിക താമസസൗകര്യം ഒരുക്കുന്നതിന് ജില്ല വനിത ശിശുക്ഷേമ വകുപ്പ് മുഖേന അടിയന്തിര നടപടി സ്വീകരിക്കുന്നതിന് വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.