തിരുവനന്തപുരം: ഒളിമ്പിക്‌സില്‍ വെങ്കല മെഡൽ നേടിയ ഹോക്കി ടീമിൽ അംഗമായ പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ അടിയന്തരമായി പാരിതോഷികം പ്രഖ്യാപിക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സമൂഹത്തിന്‍റെ വിവിധ തുറകളിൽ നിന്നും ശ്രീജേഷിന് അഭിനന്ദനം ലഭിക്കുകയാണ്. എന്നാൽ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. കായിക വകുപ്പ് ഇക്കാര്യത്തിൽ എത്രയും വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും ഷാഫി പറമ്പിൽ നിയമസഭയിൽ ആവശ്യപ്പെട്ടു.
പ്രവാസി വ്യവസായിയായ ഷംസീർ വയലിൽ ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനമായി നൽകുമെന്ന് അറിയിച്ചിരുന്നു. കൊച്ചി റീജ്യണൽ സ്‌പോര്‍ട്‌സ് സെന്‍റർ (ആര്‍എസ്‌സി) അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖാപിച്ചിട്ടുണ്ട്.
Read more: കേരളത്തിന്‍റെ 'ശ്രീ' ഇന്ന് ജന്മനാട്ടിൽ
നാല് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയിൽ മെഡൽ നേടുന്നത്. ജർമനിയെ കീഴടക്കിയാണ് ടോക്കിയോയില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. മത്സരത്തിന്‍റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ജർമനിയുടെ മുന്നേറ്റങ്ങൾ ഗോളുകളാകാതിരുന്നതില്‍ നിര്‍ണായകമായത് ഇന്ത്യൻ ടീമിന്‍റെ കാവൽക്കാരനായ പി.ആര്‍ ശ്രീജേഷാണ്.