തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രളയാനന്തരം പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം. എലിപ്പനി, ഡെങ്കിപ്പനി, എച്ച്‌വണ്‍ എന്‍വണ്‍ തുടങ്ങി നിരവധി പകര്‍ച്ച വ്യാധികള്‍ സംസ്ഥാനത്ത് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങളോട് ജനങ്ങള്‍ സഹകരിക്കണം. പകര്‍ച്ചവ്യാധികള്‍ക്കെതിരെ വേണ്ട നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി നേരിടാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
എലിപ്പനി പകരാന്‍ സാധ്യതയുള്ളതിനാല്‍ വെളളത്തിലിറങ്ങുന്നവര്‍ ഡോക്‌സിസൈക്ലീന്‍ മരുന്ന് കഴിക്കണം. എല്ലാ ആശുപത്രികളിലും ക്യാമ്പുകളിലും മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ മരുന്നുകള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചതായും മന്ത്രി പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ പ്രത്യേക അവലോകന യോഗവും ചേര്‍ന്നു.