തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ ഫുട്‌പാത്തില്‍ ചെരുപ്പും തൊപ്പിയും വിലപേശി വിൽക്കുന്ന ചെറുപ്പക്കാരൻ അറിയപ്പെടുന്ന കവിയാണെന്ന് വാങ്ങാനെത്തുന്നവർക്കറിയില്ല. മുപ്പത്തിനാലാമത്തെ വയസ്സിൽ 'എൻറോ' എന്ന തൻ്റെ രണ്ടാമത്തെ പുസ്തകവും പുറത്തിറക്കിയ റാസിയാണ് ഈ കവി. പുസ്തകമിറങ്ങിയത് സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞെത്തുന്ന വായനക്കാർക്ക് വിൽക്കാനുള്ളത് റാസി കൈയിൽ കരുതിയിട്ടുണ്ട്.
കവിതയിൽ ജീവിതമുള്ളതുകൊണ്ടാവാം പുസ്തകം സ്വീകരിക്കപ്പെടുന്നതെന്നാണ് റാസിയുടെ വിലയിരുത്തൽ. സാഹിത്യത്തിൻ്റെ പശ്ചാത്തലമില്ലാത്ത റാസി കവിത കണ്ടെത്തുന്നത് തെരുവിൽ നിന്നു തന്നെ. സുഹൃത്ത് കിച്ചുവിൻ്റെ വ്യാപാരത്തിലെ സഹായിയാണ് കരിമഠം കോളനി സ്വദേശിയായ റാസി.
ജീവിതം തെരുവിലാണ് കാണുകയെന്ന് റാസി പറയുന്നു. സ്വന്തം ജീവിതം ചെന്നെത്തിയ തെരുവും തെരുവിൽ നിന്ന് കണ്ടെത്തിയ ജീവിതവും ചേരുമ്പോൾ റാസിയുടെ കവിതയായി. തെരുവ് എന്ന പേരിൽ ഒരു കവിത പുസ്തകത്തിലുണ്ട്.
പത്താം ക്ലാസിലെ തോൽവിയാണ് വിദ്യാഭ്യാസ യോഗ്യത. വായനയിലൂടെ നേടിയതും അനുഭവങ്ങളും ചേർത്ത് റാസി എഴുതുമ്പോൾ പുതിയ കവിത രീതിയുണ്ടാകുന്നു. ബഹുമാനിക്കുന്ന കവികളെ അനുകരിക്കാതെയെഴുതാൻ പ്രത്യേകം ശ്രദ്ധിക്കുന്ന റാസിയുടെ ഭാഷയും ശൈലിയും വേറിട്ടതാണ്. ഉപജീവനത്തിനായി പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്ന റാസിയുടെ കവിതകളും പൊള്ളിക്കുന്നതാണ്.
അവതാരികയില്ലാത്ത പുസ്തകത്തിൻ്റെ അഞ്ചു വരി ആമുഖമെഴുതിയ നിരൂപകൻ രഞ്ജിത് വിലയിരുത്തുന്നത് ഇങ്ങനെ - റാസിയുടെ കാവ്യഭാഷയെ വായിച്ചെടുക്കൽ ശ്രമകരമാണ്. ഗ്രാമ്യവും സ്വനിർമ്മിത പദങ്ങളും തെരുവുജീവിതവും ചേർന്ന് നടത്തുന്ന പുത്തൻ രീതി വായനക്കാരെ സ്വയം നവീകരിക്കാൻ നിർബന്ധിക്കുന്നു. വിമർശകർക്കും സ്വാഗതമെന്നാണ് റാസിയുടെ പക്ഷം.' ഏഴു മുറികളിൽ കവിത'യാണ് റാസിയുടെ ആദ്യ കവിത സമാഹാരം.
ശക്തമായ സാമൂഹ്യവിമർശനം റാസിയുടെ ഓരോ കവിതയിലുമുണ്ട്. എങ്ങനെയും വായിക്കാവുന്നത്, വെശപ്പ്, ചരിത്രസംഭവം, പൊങ്കാല തുടങ്ങിയ കവിതകൾ ഉദാഹരണം.
തെരുവിൽ കാണുന്നതും ജീവിതം നേരിടുന്നതുമായ അസംഖ്യം കാഴ്ചകളിൽ നിന്ന് കവിതയൊരുക്കാൻ റാസി നഗരത്തിലുണ്ട്. ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ,
തെരുവ് എന്ന പൊതുബോധ നിർമ്മിതിക്കുള്ളിൽ
എതിർപ്പിൻ്റെയും ജനാധിപത്യത്തിൻ്റെയും ഉച്ചത്തിലുള്ള ശബ്ദമാണ് റാസിക്കവിതകൾ.
ALSO READ:കോട്ടയം ജില്ലയിലും സമൃദ്ധമായ ഉരുളകിഴങ്ങ് കൃഷിയൊരുക്കി ജോര്‍ജ് ജോസഫ്