തിരുവനന്തപുരം : പതിനാലാം നൂറ്റാണ്ടില്‍ കാഞ്ചീപുരം വരെയുള്ള പ്രദേശങ്ങള്‍ ഭരിച്ചിരുന്ന വേണാട് രാജവംശത്തിലെ പ്രതാപശാലിയായ ഭരണാധികാരി രവിവർമ സംഗ്രാമധീരന്‍റെ പ്രതിമ തിരുവനന്തപുരത്തെ വലിയശാല മഹാദേവ ക്ഷേത്രത്തില്‍ കണ്ടെത്തി. അസ്‌തമയ സൂര്യന്‍റെ രശ്‌മികള്‍ പതിക്കുമ്പോൾ ചുവന്ന നിറം വരുന്ന വിധത്തില്‍ സ്ഥാപിച്ച രവിവർമ സംഗ്രാമധീരന്‍റെ പോർട്രെയിറ്റ് സ്റ്റാച്യുവാണ് ക്ഷേത്രത്തിന്‍റെ ചുറ്റുമണ്ഡപത്തിൽ കണ്ടെത്തിയത്. ഇന്നത്തെ കൊല്ലം ജില്ല ആസ്ഥാനമാക്കി എഡി 1266 മുതൽ 1316 വരെയായിരുന്നു രവിവർമ സംഗ്രാമധീരന്‍റെ ഭരണകാലം.
തമിഴ്‌നാട്ടിലെ ശ്രീമുഷ്‌ണം ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള കല്‍പ്രതിമയുമായി വലിയശാല ക്ഷേത്രത്തിലെ പ്രതിമയ്ക്കുള്ള സമാനത കണ്ടെത്തിയത് ചരിത്രകാരനായ ഡോ. എംജി ശശിഭൂഷണാണ്. തോളോളം നീണ്ടുകിടക്കുന്ന കാതുകളും വിരിഞ്ഞ മാറും ഉടവാളും കഠാരയുമേന്തിയ കൈകളുമാണ് ഇരുപ്രതിമകള്‍ക്കുമുള്ള സമാനത. ക്ഷേത്രത്തിലുള്ള ശിലാലിഖിതങ്ങള്‍ പരിശോധിച്ച ഡോ. എംജി ശശിഭൂഷൺ ഇത് രവിവർമ സംഗ്രാമധീരന്‍റെ പ്രതിമയാണെന്ന് ഉറപ്പിച്ചു.
പുതിയ കണ്ടെത്തലുകള്‍ക്ക് വഴിയൊരുക്കും: തുടർച്ചയായ ചോള ആക്രമണത്തിൽ തകർന്ന കാന്തളൂർ ശാല എന്ന പുരാതന സർവകലാശാലയുടെ ആസ്ഥാനമായിരുന്നുവെന്ന് കരുതപ്പെടുന്ന വലിയശാല മഹാദേവ ക്ഷേത്രം രവിവർമ സംഗ്രാമധീരൻ പുതുക്കി പണിതിട്ടുണ്ടാകാമെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. രവിവർമ സംഗ്രാമധീരന്‍റെ കാലശേഷം വലിയശാല മഹാദേവക്ഷേത്രം വേണാട്ടിലെ ദേശിംഗനാട് ശാഖയുടെ അധീനതയിലായിരുന്നു. പിന്നീട് എട്ടരയോഗത്തിന്‍റെ കീഴിലായി. ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരിച്ചിരുന്നത് എട്ടരയോഗമാണ്.
പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ നവീകരണത്തിന് ശേഷം മാർത്താണ്ഡ വർമ വലിയശാല ക്ഷേത്രവും നവീകരിച്ചതായാണ് മതിലകം രേഖകള്‍ സൂചിപ്പിക്കുന്നത്. ഇനിയും പുറത്തുവരാത്ത ചരിത്രപരമായ പല അന്വേഷണങ്ങള്‍ക്കും വഴിയൊരുക്കുന്നതാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പ്രതിമയുടെ കണ്ടെത്തൽ. ക്ഷേത്രത്തിൽ ഇപ്പോൾ കണ്ടെത്തിയതിന് പുറമെ പുരാതന ശിലകളും ലിഖിതങ്ങളുമുണ്ടാകാമെന്നും ഇവ പുറത്തെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻകൈയെടുക്കണമെന്നും ഡോ. എംജി ശശിഭൂഷന്‍ ആവശ്യപ്പെടുന്നു.