തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് മറിച്ച് വില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ സംവിധാനത്തിലൂടെ വാർഡ് തലത്തില്‍ ശേഖരിക്കുന്ന രോഗികളുടെ വിവരങ്ങൾ സ്‌പ്രിങ്ക്‌ളര്‍ ഡോട്ട്കോം എന്ന അമേരിക്കൻ കമ്പനി സൈറ്റിലേക്കാണ് പോകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വെബ് സൈറ്റില്‍ സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക എംബ്ലം എങ്ങനെ വന്നുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വാർത്ത സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.
ഈ കമ്പനി ആരുടേതെന്നും എങ്ങനെ ഇവരെ തെരഞ്ഞെടുത്തുവെന്നും ഇവര്‍ എത്രരൂപ ക്വാട്ട് ചെയ്‌തുവെന്നും മുഖ്യമന്ത്രി പറയണം. ഈ കമ്പനിയുടെ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം.ശിവശങ്കര്‍ അഭിനയിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകണം. സി.ഡിറ്റ്, എന്‍.ഐ.സി എന്നിവയ്ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ എന്തിന് അമേരിക്കൻ കമ്പനിയെ ഏല്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.