തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.ശിവശങ്കറിനെ മാറ്റിയതിലൂടെ പ്രതിപക്ഷ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നിലേക്ക് കാര്യങ്ങൾ എത്തുമെന്ന് ഭയന്നാണ് ശിവശങ്കറിനെ മുഖ്യമന്ത്രി പുറത്താക്കിയത്. സ്പ്രിംഗ്ലര്‍, ബെവ് ക്യൂ, ഇ-മൊബിലിറ്റി തുടങ്ങിയ ആരോപണങ്ങളിൽ ശിവശങ്കറിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ച മുഖ്യമന്ത്രി ഇപ്പോൾ നടപടിയെടുത്തത് തന്നിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് ഭയന്നാണ്. മുഖ്യമന്ത്രി ബലിയാടുകളെ തേടുകയാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്തിൽ ഇടപെട്ടാൽ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയാണ്. കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇപ്പോൾ അതെല്ലാം തെളിഞ്ഞു. സി.പി.ഐയെ പരിഹസിക്കാനെടുത്ത സമയം പോലും അഴിമതി ആരോപണത്തിന് മറുപടി പറയാൻ മുഖ്യമന്ത്രി ഇന്നലെയെടുത്തില്ല. അന്താരാഷ്ട്ര ബന്ധമുള്ള കേസിൽ പ്രതിയെ രക്ഷിക്കാനുള്ള ശ്രമം ഗുരുതരമാണ്. ഇപ്പോഴത്തെ നടപടി കളളക്കളിയാണ്. ഐ.ടി വകുപ്പിലെ നിയമനം അടക്കം അന്വേഷിക്കണം. സ്വന്തം വകുപ്പിലെ നിയമനം അടക്കം ഒരു കാര്യവും അറിയുന്നില്ല എന്ന് പറയുന്ന മുഖ്യമന്ത്രിക്ക് സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തിപെടുത്തുന്നത് പ്രതിപക്ഷമല്ല ഓഫീസിനുള്ളിൽ ഇരിക്കുന്നവരാണ്. സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു.