തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും പത്രിക സമർപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ശ്രേയാംസ് കുമാറും യു.ഡി.എഫ് സ്ഥാനാർഥി ലാൽവർഗീസ് കൽപ്പകവാടിയുമാണ് പത്രിക സമർപ്പിച്ചത്. റിട്ടേണിങ് ഓഫിസർ കൂടിയായ നിയമസഭാ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും സന്നിഹിതനായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി ശ്രേയാംസ് കുമാറാണ് ആദ്യം പത്രിക സമർപ്പിച്ചത്. കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ അഞ്ച് നേതാക്കളെയാണ് സ്ഥാനാർഥിക്കൊപ്പം അനുവദിച്ചത്.
ഇടതു സ്ഥാനാർഥിക്കൊപ്പം മന്ത്രിമാരായ കെ കൃഷ്ണൻ കുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ. സി.ദിവാകരൻ എം.എൽ.എ., ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ എൽ.ജെ.ഡി നേതാവ് ഷേയ്ക്ക് പി.ഹാരിസ് എന്നിവരാണ് പത്രികാ സമർപ്പണത്തിന് എത്തിയത്. രാജ്യസഭയിലെ ബാക്കിയുള്ള കാലാവധി സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തി പൂർത്തിയാക്കുമെന്നും വർഗീയ ശക്തികൾക്കെതിരായ പോരാട്ടം തുരുമെന്നും പത്രിക സമർപ്പണത്തിന് ശേഷം ശ്രേയാംസ് കുമാർ വ്യക്തമാക്കി. കേരളത്തിലെ പ്രശ്നങ്ങൾ ഉയർത്തി ഇടപെടൽ ശക്തമാക്കുമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ , കെ.സി ജോസഫ് എം.എൽ.എ തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് യു.ഡി.എഫ് സ്ഥാനാർഥി ലാൽവർഗീസ് കൽപ്പകവാടി പത്രിക സമർപ്പിച്ചത്. കർഷകന്‍റെ പ്രതിനിധിയായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പ്രളയം കഴിഞ്ഞിട്ടും കർഷകർക്ക് ഒരു സഹായവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്നില്ലെന്നും ലാൽ വർഗീസ് കൽപ്പകവാടി ആരോപിച്ചു. കൃഷിയെ സ്നേഹിക്കുന്നവർ തനിക്ക് വോട്ട് ചെയ്യുമെന്നും കൽപ്പകവാടി പറഞ്ഞു.
ഇടതു മുന്നണിക്ക് വിജയം സുനിശ്ചിതമാണെങ്കിലും കേരള കോൺഗ്രസിലെ ജോസ് കെ.മാണി വിഭാഗത്തിലെ രണ്ട് എം.എൽ.എമാരുടെ നിലപാടാണ് നിര്‍ണായകം. റോഷി അഗസ്റ്റിനും, ജയരാജും എന്ത് നിലപാട് എടുക്കുമെന്നാണ് ഇനി അറിയേണ്ടത്. എൽ.ഡി.എഫിന് ജയിക്കേണ്ട വോട്ടുകൾ മുന്നണിക്ക് ഉണ്ടെങ്കിലും ആരുടെ വോട്ടും വേണ്ടന്ന് പറയുന്നില്ലെന്നാണ് ഇത് സംബന്ധിച്ച് ശ്രേയാംസ് കുമാറിന്‍റെ പ്രതികരണം. ആരുമായും ചർച്ച നടത്തിയിട്ടില്ല. ജയം ഉറപ്പെങ്കിലും മത്സരമെല്ലാം തെരഞ്ഞെടുപ്പിന്‍റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി ഇന്നവസാനിക്കും. 24നാണ് വോട്ടെടുപ്പ്. അന്ന് ധനബിൽ പാസാക്കാൻ നിയമസഭ വിളിച്ചു ചേർക്കാൻ സർക്കാർ ഗവർണറോട് ശുപാർശ ചെയ്തിട്ടുണ്ട്. അന്ന് തന്നെ സർക്കാറിനെതിരായ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം.