തിരുവനന്തപുരം: കുടവൂർ കൈപ്പള്ളി നാഗരുകാവ് മാടൻനട ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതിയെ പള്ളിക്കൽ പൊലീസ് പിടികൂടി. കിളിമാനൂർ കിഴക്കുംകര സ്വദേശി സുധീരൻ (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 30നായിരുന്നു സംഭവം. കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി ക്ഷേത്രത്തിലെ മൂന്ന് നാഗവിഗ്രഹങ്ങൾ എറിഞ്ഞ് ഉടച്ചിരുന്നു.
ക്ഷേത്രത്തിലും പള്ളികളിലും മോഷണവും തുടർന്ന് വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന പ്രതികളെ പറ്റി നടത്തിയ അന്വേഷണത്തിലാണ് സുധീരൻ പിടിയിലായത്. കിളിമാനൂർ, ആറ്റിങ്ങൽ, കല്ലമ്പലം, പള്ളിക്കൽ എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
2007 ൽ കിളിമാനൂരിൽ നടന്ന ഒരു കൊലപാതക കേസിലെ പ്രതി കൂടിയാണ് സുധീരൻ. പ്രതിയിൽ നിന്നും മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. പ്രതി കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ് പറയുന്നു. സിഐ ശ്രീജിത്ത് പി, എസ്. ഐമാരായ സഹിൽ എം, വിജയകുമാർ, എസ്.സി.പി.ഒ രാജീവ്, സിപിഒ മാരായ ഷമീർ, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് സുധീരനെ പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.