തിരുവനന്തപുരം: ബൈക്ക് യാത്രികനെ മർദിച്ച് പരിക്കേൽപ്പിച്ച ട്രാന്‍സ്‌ജെൻഡറിനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റു ചെയ്‌തു. വട്ടിയൂര്‍കാവ് നെട്ടയം മധുരിമയില്‍ ബിനോയിയാണ് (32) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ പേരില്‍ തിരുവനന്തപുരം നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ബിനോയ് ബൈക്ക് യാത്രികനെ മര്‍ദിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചു.
ട്രാന്‍സ്‌ജെൻഡറിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്‍ ആറ്റിങ്ങല്‍ ആലംകോട് സ്വദേശി സലിം (47) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്.
സംഭവം ഇങ്ങനെ
ബൈക്കില്‍ പട്ടം ഭാഗത്തേക്ക് വരികയായിരുന്ന സലിമിന്‍റെ ബൈക്കിന് ബിനോയ് പി. എം.ജി ബസ് സ്റ്റോപ്പിൽ വച്ച് ലിഫ്‌റ്റ് ചോദിച്ചു. ലിഫ്‌റ്റ് നല്‍കി ബൈക്ക് പ്ലാമൂട് ജംഗ്ഷനിലെത്തിയപ്പോള്‍ ബിനോയ് 500 രൂപ ആവശ്യപ്പെട്ട് സലിമിനെ ഭീഷണിപ്പെടുത്തി. ബൈക്കില്‍ നിന്നിറങ്ങാന്‍ സലിം ആവശ്യപ്പെട്ടെങ്കിലും ഇറങ്ങാന്‍ കൂട്ടാക്കാതെ സലിമിനെ അസഭ്യ വര്‍ഷത്തോടെ ബിനോയ് മര്‍ദിച്ച് നിലത്തിട്ട ശേഷം ചെരുപ്പൂരി വലവട്ടം തലയിലടിച്ചു.
ചെരുപ്പിന്‍റെ ആണി തലയില്‍ തറച്ച് സലിമിന്‍റെ തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകിയെങ്കിലും ട്രാന്‍സ്‌ജെൻഡർ ആക്രമണം തുടര്‍ന്നു. കണ്ടു നിന്നവര്‍ ഓടിയെത്തി ട്രാന്‍സ്‌ജെൻഡറിനെ തടഞ്ഞു വച്ച ശേഷം സലിമിനെ ആശുപത്രിയിലേക്ക് മാറ്റി. ജാമ്യമില്ല വകുപ്പു ചുമത്തി അറസ്റ്റു ചെയ്‌ത ട്രാന്‍സ്‌ജെൻഡറിനെ കോടതിയില്‍ ഹാജരാക്കുമെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.
ALSO READ: എങ്ങനെ ക്യാപ്റ്റനാകാം..? മന്ത്രിമാരുടെ 'പരിശീലനത്തിന്' തുടക്കം