തിരുവനന്തപുരം : വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധനിപ്പിച്ചതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര-വിദേശ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതില്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്ത്. ടിക്കറ്റ് നിരക്ക് വർധനവ് പ്രവാസികളേയും ടൂറിസം മേഖലയേയും ബാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കൊവിഡിന് ശേഷം സജീവമായ ടൂറിസം മേഖല, അമിതമായ വിമാന നിരക്ക് മൂലം നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. കൊവിഡ് ബാധിച്ച പ്രധാന മേഖലകളിലൊന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം ഉള്‍പ്പടെയുള്ള ഹോസ്‌പിറ്റാലിറ്റി മേഖല. ആഭ്യന്തര-അന്തർദേശീയ വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും പിണറായി കത്തില്‍ പറയുന്നു.
കേരളത്തിൽ നിന്നുള്ള പ്രധാന ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റ് റൂട്ടുകളിലെ കൊവിഡിന് മുന്‍പും ശേഷവുമുള്ള വിമാന നിരക്കുകളുടെ വ്യത്യാസവും പിണറായി വിജയൻ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കൊവിഡിന് മുന്‍പ് കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന നിരക്ക് 4,000 രൂപയായിരുന്നുവെങ്കില്‍ ഇപ്പോൾ അത് 10,000 രൂപയായി. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് നേരത്തെ 12,000 രൂപയായിരുന്നത് 40,000 രൂപയായി ഉയർന്നു.
കൊച്ചിയിൽ നിന്ന് ന്യൂയോർക്കിലേക്ക് നേരത്തെ 65,000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ 1,30,000 രൂപയാണ്. വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.