തിരുവനന്തപുരം : അട്ടപ്പാടിലെ മാവോയിസ്‌റ്റ് - പൊലീസ് എറ്റുമുട്ടലില്‍ പ്രതിപക്ഷം മാവോയിസ്റ്റുകളെ ന്യായീകരിക്കുന്നത് ഞെട്ടലുളവാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നവവരല്ല. കീഴടങ്ങുന്നതിന് ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. മാവോയിസ്റ്റുകള്‍ ആയുധങ്ങളുമായി വന്ന് പൊലീസിനു നേരെ വെടിവച്ചു. അവരെയാണ് പ്രതിപക്ഷം ന്യായീകരിക്കുന്നത്. എന്തിനാണ് അവരെ ഇങ്ങനെ പവിത്രീകരിക്കുന്നത്. എന്തിനാണ് അവരെ പരിശുദ്ധാത്മാക്കളാക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു. മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കേണ്ടതില്ലെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പൗരാവകാശ സംരക്ഷണ വേഷം കെട്ടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവം ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . യു.എ.പി.എ കരിനിയമം ദുരുപയോഗം ചെയ്യാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.പി.എ ഭേദഗതി അമിത്ഷാ പാര്ലമെന്റില് അവതരിപ്പിക്കുമ്പോള്‍ ബി.ജെ.പിക്കൊപ്പം നിന്നവരാണ് കോണ്‍ഗ്രസുകാര്‍. അതു കൊണ്ടാണ് കോണ്ഗ്രസിന്റെ ഉദ്ദേശ ശുദ്ധിയില്‍ നിഷ്പക്ഷമതികള്‍ക്ക് സംശയം ഉണ്ടാകുന്നത്. മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ താന്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.