തിരുവനന്തപുരം : എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൂന്ന് എമര്‍ജന്‍സി മെഡിസിന്‍ പിജി സീറ്റുകള്‍ക്കാണ് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. കോഴ്‌സ് ഈ വര്‍ഷം തന്നെ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
സംസ്ഥാനത്തെ ആശുപത്രികളില്‍ അത്യാഹിത വിഭാഗ ചികിത്സ സംവിധാനം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് ആരോഗ്യവകുപ്പ് അനുമതി തേടിയത്. അടിയന്തര ചികിത്സക്കായി വിദഗ്‌ധ സ്പെഷ്യാലിറ്റി ഡോക്‌ടര്‍മാരെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മറ്റ് പ്രധാന മെഡിക്കല്‍ കോളജുകളിലും എമര്‍ജന്‍സി മെഡിസിന്‍ കോഴ്‌സിനുള്ള അനുമതി ലഭിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
ALSO READ: 'യുപി കേരളം ആയാൽ മതത്തിന്‍റെ പേരിൽ കൊലപാതകം ഉണ്ടാകില്ല'; യോഗിക്ക് മറുപടിയുമായി പിണറായി
സമഗ്ര ട്രോമ കെയറിന്‍റെ ഭാഗമായി പ്രധാന മെഡിക്കല്‍ കോളജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിച്ചത്. ഈ വിഭാഗത്തിനായി 108 തസ്‌തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.
മികച്ച ട്രയേജ് സംവിധാനം, രോഗ തീവ്രതയനുസരിച്ച് രോഗികള്‍ക്ക് അടിയന്തര പരിചരണം ഉറപ്പാക്കാന്‍ പച്ച, മഞ്ഞ, ചുവപ്പ് മേഖലകള്‍ എന്നിവയെല്ലാം എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്‍റെ പ്രത്യേകതയാണ്. ഓപ്പറേഷന്‍ തിയേറ്ററുകള്‍, തീവ്ര പരിചരണ വിഭാഗങ്ങള്‍, സ്‌കാനിങ് തുടങ്ങി വിവിധ പരിശോധനാ സംവിധാനങ്ങളും ഏകോപിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടോ മറ്റ് അസുഖങ്ങള്‍ ബാധിച്ചോ വരുന്നവര്‍ക്ക് അടിയന്തര വിദഗ്‌ധ ചികിത്സ ലഭ്യമാക്കാനാണ് ക്രമീകരണങ്ങള്‍.