തിരുവനന്തപുരം : സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മകള്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന്,ലഭിക്കേണ്ട ആനുകൂല്യത്തിനായുള്ള വൃദ്ധ മാതാപിതാക്കളുടെ കാത്തിരിപ്പിന് രണ്ടുവർഷം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ റിഹാബിലിറ്റേഷൻ ടെക്‌നിക്കൽ സ്റ്റാഫായിരുന്ന തൈക്കാട് സ്വദേശി കൃഷ്‌ണകുമാരിയുടെ കുടുംബത്തിനാണ് ഈ ദുർഗതി.
സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിന് സമീപം തേപ്പ് കട നടത്തുകയാണ് വയോധികരായ പത്മനാഭനും ഭാര്യ താണമ്മയും. അര്‍ബുദ രോഗിയായിരുന്ന കൃഷ്‌ണകുമാരി 2019 ഒക്‌ടോബർ നാലിനാണ് മരിച്ചത്.
Also read: മഴപ്പെയ്‌ത്തിലും കുടിവെള്ളം കിട്ടാക്കനി ; അധികൃതരുടെ കനിവുകാത്ത് ചെമ്പകത്തൊഴുകുടി ഊര്
ഫിസിക്കൽ മെഡിക്കൽ വിഭാഗം ആർട്ടിഫിഷ്യൽ ലിംഫ് സെന്‍ററില്‍ ജോലിയിലിരിക്കെ മരണം സംഭവിച്ചതിനാൽ അർഹതപ്പെട്ട ആനുകൂല്യങ്ങളായ പിഎഫ്, ഗ്രൂപ്പ് ഇൻഷുറൻസ്, ഗ്രാറ്റുവിറ്റി എന്നിവ സാങ്കേതിക കാരണങ്ങൾ നിരത്തി തടഞ്ഞുവച്ചിരിക്കുകയാണ്.
വിവാഹബന്ധം വേർപെടുത്തിയിരുന്ന കൃഷ്‌ണകുമാരിക്ക് മക്കൾ ഇല്ല. തുണി തേച്ച് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് പത്മനാഭന്‍റെ കുടുംബം കഴിയുന്നത്.
കൊവിഡിനെ തുടർന്ന് ആകെയുള്ള വരുമാനവും നിലച്ചു. അർഹതപ്പെട്ട ആനുകൂല്യങ്ങൾക്കായി കയറി ഇറങ്ങാത്ത ഓഫിസുകൾ ഇല്ല. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നീതി ഇപ്പോഴും അകലെയാണ്.