തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോർജിനെതിരെ വിമർശനവുമായി പാളയം ഇമാം വി.പി ഷുഹൈബ് മൗലവി. വർഗ്ഗീയ വിദ്വേഷം കത്തിക്കാൻ ആയിരുന്നു ശ്രമം. അങ്ങേയറ്റം അപകടകരമായ പരാമർശമാണ് പിസി ജോർജ് നടത്തിയത്. ഏതു രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരായാലും ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും തിരുവനന്തപുരത്ത് നടന്ന ഈദ് ഗാഹില്‍ ഇമാം പറഞ്ഞു.
ഹിന്ദുക്കൾ മുസ്ലീങ്ങളുടെ കടയിൽ നിന്ന് സാധനം വാങ്ങരുത് എന്ന് പറഞ്ഞാൽ നമ്മുടെ മതേതരബോധത്തിന് അത് ഉൾക്കൊള്ളാനാവില്ല. അത് കേട്ടു കേൾവിയില്ലാത്ത പരാമർശമാണ്. പിസി ജോർജ് മാപ്പ് പറയുമെന്ന് കരുതുന്നു. കലാപ അന്തരീക്ഷം ഉണ്ടാകുമ്പോൾ അത് കെടുത്തലാണ് വിശ്വാസിയുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങളെ ആരും ന്യായീകരിക്കരുത്. മനുഷ്യൻ മനുഷ്യനെ വെട്ടിക്കൊന്ന് പ്രതികാരം ചെയ്യരുത്. ഹിജാബ് നിരോധനം ഭരണഘടന ലംഘനമാണ്. ഇഷ്‌ടമുള്ള വസ്ത്രം ധരിക്കാൻ അനുവാദം കൊടുക്കണം. സുപ്രീംകോടതിയിൽ നിന്ന് ഹിജാബ് വിഷയത്തിൽ അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പാളയം ഇമാം കൂട്ടിച്ചേർത്തു.