തിരുവനന്തപുരം : സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങളിൽ മുഖ്യമന്ത്രി മൗനം എന്ന ആയുധം അണിയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിയമസഭയിൽ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. പകരം പുറകിലുള്ളവരെ കൊണ്ട് ബഹളമുണ്ടാക്കിക്കുകയാണെന്നും സതീശൻ ആരോപിച്ചു.
സംസ്ഥാനത്ത് ഇരട്ട നീതിയാണ് നടക്കുന്നത്. സോളാർ കേസിലെ പ്രതി വെളിപ്പെടുത്തൽ നടത്തിയപ്പോൾ സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ കള്ളക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തൽ സഭയിൽ പോലും മിണ്ടാൻ പാടില്ലെന്നാണ് പറയുന്നതെന്നും വി.ഡി സതീശൻ പ്രതികരിച്ചു.
ALSO READ: യുക്രൈനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കണം: മുഖ്യമന്ത്രി
സർവീസിലിരിക്കെ പുസ്‌തകമെഴുതിയ ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്‌തപ്പോൾ സർക്കാരിനെ സംരക്ഷിച്ച് അനുമതിയില്ലാതെ പുസ്‌തകമെഴുതിയ എം.ശിവശങ്കരനെതിരെ നടപടിയില്ല.
സർക്കാരിനെതിരെ ഗൗരവമായ പരാമർശങ്ങൾ വരുമെന്നതിനാലാണ് വിഷയത്തിൽ സഭയിൽ പോലും ചർച്ച വേണ്ട എന്ന നിലപാട് എടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മുഖ്യമന്ത്രിയെ ഭയമാണ് ഭരിക്കുന്നത്. സ്വപ്‌ന സുരേഷിൻ്റെ ഓഡിയോകൾ പുറത്തുവന്നതിൽ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.