തിരുവനന്തപുരം: തിരുവനന്തപുരത്തുകാരുടെ ഓണാഘോഷത്തിൽ പ്രധാനം സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷവും അതിനോട് അനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്രയുമാണ്. കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള റോഡുകളിലെ ദീപാലങ്കാരവും വിവിധ വേദികളിൽ സാംസ്കാരിക പരിപാടികളുമായി ആഘോഷപൂർവമാണ് ഏഴു ദിവസം കടന്നു പോകുന്നത്.
എന്നാൽ കൊവിഡ് കാലത്ത് ഈ പതിവുകൾ എല്ലാം മാറി. വീട്ടിനുള്ളിൽ ഓണം ആഘോഷിക്കാനുള്ള ഉത്രാടപ്പാച്ചിലില്‍ വാഹനങ്ങളിൽ ആളുകൾ പായുന്നതല്ലാതെ ആളും ആരവുമില്ലാത്ത തലസ്ഥാനത്തെ വഴികൾ നിശ്ചലമാണ്. വൈദ്യുത ദീപാലങ്കൃതമായി തിളങ്ങി നിൽക്കാറുള്ള പബ്ലിക് ഓഫിസും നഗരസഭ ആസ്ഥാനവും മൂകമായി നിൽക്കുന്നു. വ്യാപാരമേളകളും സാംസ്കാരിക പരിപാടികളുമായി നിറയാറുളള കനകക്കുന്നും നിശാഗന്ധിയും മ്യൂസിയവുമെല്ലാം ഒഴിഞ്ഞ് കിടക്കുന്നു. മഹാമാരിയുടെ വരവ് അറിഞ്ഞിട്ടില്ലെങ്കിലും ഇവിടെയുള്ള ചെടികൾ ഓണകാലമറിഞ്ഞ് പൂത്ത് നിൽക്കുകയാണ്. എന്നാൽ ഇതൊന്നും കാണാൻ ആരുമില്ല. മഹാപ്രളയത്തിനു പിന്നാലെയും സംസ്ഥാന സർക്കാർ ഓണം വാരാഘോഷം ഒഴിവാക്കിയിരുന്നു.