തിരുവനന്തപുരം: പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാന്‍ നോർക്ക ഏർപ്പെടുത്തിയ രജിസ്ട്രേഷൻ തുടരുന്നു. ആരംഭിച്ച് മണിക്കൂറുകൾക്കകം ഒന്നര ലക്ഷത്തിലധികം പ്രവാസികളാണ് വെബ് സൈറ്റിൽ പേര് രജിസ്റ്റര്‍ ചെയ്തത്. ഞായറാഴ്ച രാത്രിയാണ് നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചത്. 161 രാജ്യങ്ങളിൽ നിന്നായി ഇതുവരെ 165605 പേര്‍ രജിസ്ട്രേഷന്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 65608 പേരാണ് യുഎഇയിൽ നിന്ന് മാത്രം രജിസ്റ്റർ ചെയ്തത്. അഞ്ച് ലക്ഷത്തോളം പേരെ തിരികെ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നോർക്ക റെസിഡന്‍റ് വൈസ് ചെയർമാൻ കെ.വരദരാജൻ പറഞ്ഞു.
വിസ കാലവധി കഴിഞ്ഞവർ, പ്രായമായവർ, ഗർഭിണികൾ, രോഗികൾ തുടങ്ങിയവർക്കാണ് മുൻഗണന നല്‍കുന്നത്. കേന്ദ്ര സർക്കാരിന്‍റെ അനുവാദം ലഭിക്കുന്നതനുസരിച്ച് പ്രത്യേക വിമാനത്തിൽ ഇവരെ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ ഉടൻ ആരംഭിക്കുമെന്നും നോർക്ക അറിയിച്ചു.