തിരുവനന്തപുരം: സംസ്ഥാനത്ത് മത സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മതസൗഹാർദം തകർക്കുന്ന തരത്തിലുള്ള പ്രസ്‌താവനകളും പ്രവർത്തനങ്ങളും വർധിച്ചു വരുന്നതായി സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
പ്രതിപക്ഷത്ത് നിന്നും കെപിഎ മജീദ്, കെ.എൻ ഷംസുദ്ദീൻ, കുറുക്കോളി മൊയ്‌തീൻ, മഞ്ഞളാംകുഴി അലി എന്നിവരുടെ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മതസൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള പ്രസ്‌താവനകൾ വർധിക്കുന്നു എന്നത് ശരിയായ നിരീക്ഷണമല്ല. അതുകൊണ്ടുതന്നെ നിലവിൽ സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട ആവശ്യമില്ല.
വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി
സാമുദായിക സ്‌പർധ ഉണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും പൊലീസ് നടപടികൾ സ്വീകരിക്കും. അതിനായുള്ള മികച്ച സംവിധാനം കേരള പൊലീസിൽ ഉണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
വ്യാജ പ്രചരണം നടത്തുന്ന ഓൺലൈൻ പോർട്ടലുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. വ്യാജ വാർത്തകൾ നൽകി കലാപം സൃഷ്‌ടിക്കാനാണ് ഇത്തരം ഓൺലൈൻ പോർട്ടലുകൾ ശ്രമിക്കുന്നത്. ഇത് തടയാൻ രഹസ്യാന്വേഷണ വിഭാഗവും സൈബർ സെല്ലും നിരീക്ഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Also read: സുധാകരനും സതീശനും പിന്തുണ ; സാമുദായിക സൗഹാര്‍ദം വളര്‍ത്തുന്നതിൽ ഭിന്നാഭിപ്രായമില്ലെന്ന് യുഡിഎഫ്