തിരുവനന്തപുരം: നെയ്യാറ്റിൻകര തീരദേശ മേഖലയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപ്പുവെള്ളം കുടിവെള്ളമായി വീടുകളില്‍ എത്തിക്കുന്ന കുന്നത്തുമല കുടിവെള്ള പദ്ധതി. പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിൻ്റെ ഈ പദ്ധതിക്ക് അനുവദിച്ച 22.5 ലക്ഷം രൂപയും എസ് സി കോർപ്പസ് ഫണ്ടായ പത്ത് ലക്ഷം രൂപയും ഉൾപ്പെടെ 32.5 ലക്ഷം രൂപയാണ് ഒന്നാം ഘട്ടത്തിനായി ചിലവഴിച്ചത്.
ആദ്യഘട്ടത്തിൽ 37 വീടുകൾക്കാണ് കുടിവെള്ള പദ്ധതി അനുവദിച്ചത്. കിണർ, വാട്ടർ പ്യൂരിഫിക്കേഷൻ പ്ലാന്‍റ്, ഓവർഹെഡ് ടാങ്ക് തുടങ്ങിയവയാണ് ഒന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. അപേക്ഷയുടെ മുൻഗണനാക്രമത്തിൽ രണ്ടാംഘട്ടത്തിൽ വീടുകളിൽ കണക്ഷനുകൾ അനുവദിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി നിർവഹിച്ചു. എം വിൻസെന്‍റ് എംഎല്‍എ അധ്യക്ഷനായി. പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എംഎസ് അജിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ബ്യൂല ഏഞ്ചൽ തുടങ്ങിയവർ സംസാരിച്ചു.