തിരുവനന്തപുരം: നിങ്ങൾ കാരണമാണ് എന്‍റെ അച്ഛൻ മരിച്ചത്, ഇനി അടക്കാനും പറ്റില്ലെന്നോ...അച്ഛന്‍റെ മൃതദേഹം അടക്കാൻ കുഴിമാടം വെട്ടുന്ന കൗമാരക്കാരന്‍റെ ചോദ്യത്തിന് മുന്നില്‍ കേരളം നിശബ്‌ദമായ ദിവസം. 2020 ഡിസംബര്‍ 22. നെയ്യാറ്റിന്‍കരയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് കുടിയൊഴുപ്പിക്കാനെത്തിയ പൊലീസുകാർക്ക് മുന്നില്‍ രാജന്‍, അമ്പിളി ദമ്പതികള്‍ തീ കൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ രാജന്‍ ദിവസങ്ങള്‍ക്ക് ശേഷം ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. പിന്നാലെ അമ്പിളിയും. വീട്ടുവളപ്പില്‍ അച്ഛന്‍റെ മൃതദേഹം സംസ്‌കരിക്കുന്നത് തടയാനെത്തിയ പൊലീസുകാരോട് ചൂണ്ടുവിരല്‍ ഉയർത്തി നില്‍ക്കുന്ന മകൻ കേരളത്തിന് എന്നും കണ്ണീര്‍ കാഴ്‌ചയാണ്.

വാഗ്‌ദാനങ്ങള്‍ നടപ്പിലായില്ല: അടച്ചുറപ്പുള്ള വീട് രാജനും അമ്പിളിക്കും എന്നും സ്വപ്‌നമായിരുന്നു. അതിനുമുൻപേ അവർ മടങ്ങി. രാജന്‍റെയും അമ്പിളിയുടെയും മരണത്തിന് പിന്നാലെ ഇവര്‍ താമസിക്കുന്ന ഭൂമി ഏറ്റെടുത്ത് വീട് നിര്‍മിച്ച് നല്‍കാമെന്ന് സര്‍ക്കാർ വാഗ്‌ദാനം നല്‍കിയിരുന്നു.
വീട് നിർമാണത്തിനായി തുക അനുവദിച്ചെങ്കിലും ഉടമസ്ഥാവാകാശം സംബന്ധിച്ച തർക്കം മൂലം വീട് നിര്‍മിക്കാനായില്ല. ഇതിനിടയിലാണ് ഫിലോകാലിയ എന്ന സന്നദ്ധ സംഘടന എത്തുന്നതും ഇവര്‍ക്കായി പുതിയ വീട് നിര്‍മിച്ച് നല്‍കുന്നതും. രാഹുലും രഞ്ജിത്തും മുത്തശ്ശി തുളസിയും ചേർന്ന് പുതിയ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങ് നടത്തി.
ഭൂമി തർക്കം കോടതിയുടെ പരിഗണനയില്‍: ഫിലോകാലിയ ട്രസ്റ്റ് ചെയർമാൻ മാരിയോ ജോസഫ്, ട്രസ്റ്റ് ഫൗണ്ടർ ജിജി മാരിയോ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. അനിത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. രാഹുലിന് സഹകരണ സംഘത്തിൽ കൺസ്യൂമർ സ്റ്റോറിൽ സർക്കാർ ജോലി നൽകിയിരുന്നു. രഞ്ജിത്ത് പ്ലസ് ടു പരീക്ഷയുടെ ഫലം കാത്തിരിക്കുന്നു.
മുത്തശ്ശി തുളസിക്കൊപ്പമാണ് രാഹുലും രഞ്ജിത്തും പുതിയ വീട്ടിൽ താമസിക്കുന്നത്. അവകാശ തർക്കം നിലനിൽക്കുന്നതിനാൽ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷൻ ഇതുവരെ ലഭിച്ചിട്ടില്ല. ഭൂമിയുടെ അവകാശ തർക്കം കോടതിയുടെ പരിഗണനയിലാണ്. എങ്കിലും വീടെന്ന സ്വപ്‌നത്തിനിടെ പൊലിഞ്ഞ അച്ഛനും അമ്മയും ഒപ്പമുണ്ടെന്ന വിശ്വാസത്തില്‍ പുതിയ വീട്ടില്‍ ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ് രാഹുലും രഞ്ജിത്തും.