തിരുവനന്തപുരം: പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ്. വിഷയം അടഞ്ഞ അധ്യായമാണെന്ന് വിജയരാഘവനും സിപിഎം സംസ്ഥാന നേതാക്കളും ആവര്‍ത്തിക്കുന്നതിനിടെ 10 ദിവസം മുന്‍പ് മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന അദ്ദേഹം കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചതെന്തിനായിരുന്നെന്ന് വി.ഡി.സതീശന്‍ ചോദിച്ചു.
വിഷയം നീണ്ടു പോകട്ടെ എന്നതാണോ മുഖ്യമന്ത്രിയുടെ നയം?. മന്ത്രി വാസവന്‍ അടച്ച അധ്യായം മുഖ്യമന്ത്രി എന്തിന് വീണ്ടും തുറന്നു. പ്രസ്‌താവന നടത്തുകയല്ല പകരം പ്രശ്‌നം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയാണ് ഒരു മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടേത് അനങ്ങാപ്പാറ നയമാണ്. പ്രശ്‌നം അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിന്‍റെ പൊളിറ്റിക്കല്‍ ക്രെഡിറ്റ് കോണ്‍ഗ്രസിന് വേണ്ടെന്നും പ്രശ്‌നം അവസാനിപ്പിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ മതേതര നിലപാട് വെള്ളം ചേര്‍ക്കാത്തതാണ്.
സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷ പ്രചാരണം തടയാന്‍ മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിക്കുന്നില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം തടയാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് സൈബര്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവുമെന്ന് വി.ഡി സതീശന്‍ വിമർശിച്ചു.
ALSO READ: 'സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്‍റെ നിറം നൽകരുത്'; ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി