തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ മൂത്രപ്പുര ഉപയോഗിച്ചതിനെ ചൊല്ലി അഞ്ചാം ക്ലാസ് വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ഉപദ്രവിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഉപഡയറക്‌ടറെ ചുമതലപ്പെടുത്തി.
ഈ വിഷയം ഗൗരവത്തോടെ പരിശോധിച്ച് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സംഭവം. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർഥികൾ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി.
മൂത്രപ്പുര ഉപയോഗിക്കരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം. തങ്ങളെ അനുസരിച്ചില്ലെങ്കിൽ കൈഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്‌കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
മുതിർന്ന വിദ്യാർഥികളുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അതേസമയം ആക്രമിച്ച വിദ്യാർഥികളെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമിച്ച വിദ്യാർഥികളെ കണ്ടെത്താൻ പൊലീസ് നാളെ സ്‌കൂളിൽ തിരിച്ചറിയൽ പരേഡ് നടത്തും.