തിരുവനന്തപുരം : കെഎസ്ഇബിയില്‍ ചെയര്‍മാനും സിപിഎം അനുകൂല സംഘടനകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി നാളെ സമരക്കാരുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ചൊവ്വാഴ്‌ച (19.04.2022) വൈദ്യുതിഭവന്‍ വളഞ്ഞ് സമരം കടുപ്പിക്കാനാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍റെ തീരുമാനം. അനൗദ്യോഗിക ചർച്ചയാണ് നാളെ നടക്കുക.
കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷനെ ചര്‍ച്ചയ്ക്കായി വിളിച്ചിട്ടില്ല. എങ്കിലും പരാതികള്‍ കേള്‍ക്കാള്‍ തയാറാണെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. കെഎസ്ഇബി തൊഴിലാളി യൂണിയനുകൾ ഉന്നയിച്ച സ്ഥാനക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളില്‍ നേരത്തെ തീരുമാനിച്ച ചര്‍ച്ച നാളെ നടക്കും.
Also read: കെഎസ്ഇബി സമരം : മന്ത്രി കെ കൃഷ്‌ണന്‍കുട്ടി ഓഫീസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ച തിങ്കളാഴ്‌ച
ഇതിനുശേഷമാകും ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ മന്ത്രി കാണുന്നതെന്നാണ് സൂചന. ഭാരവാഹികളെ സ്ഥലം മാറ്റിയ നടപടി പിന്‍വലിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. എന്നാല്‍ നിലപാടില്‍ മാറ്റം വരുത്താന്‍ ബോര്‍ഡ് തയാറല്ല.
സ്ഥലം മാറ്റം ലഭിച്ചവരുടെ സ്ഥാനത്ത് മറ്റ് ഉദ്യോഗസ്ഥരെ ഇതിനകം നിയമിച്ചുകഴിഞ്ഞു. സസ്പെന്‍ഷന്‍ നല്‍കിയവരെ തിരികെ അതേസ്ഥാനത്ത് വീണ്ടും നിയമിക്കുകയെന്ന കീഴ്‌വഴക്കം ഇല്ലെന്നാണ് ചെയര്‍മാന്‍റെ നിലപാട്. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് എല്‍ഡിഎഫ് നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍ നാളെത്തെ ചര്‍ച്ച നിര്‍ണായകമാകും.