തിരുവനന്തപുരം: റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടർന്ന് പഠനം ഉപേക്ഷിച്ച് നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർഥികളുടെ പഠനം പൂർത്തിയാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻ്റൺഷിപ്പ് പൂർത്തിയാക്കാനുള്ളവർക്ക് ഒരു വർഷത്തെ ഇൻ്റൺഷിപ്പിനുള്ള അവസരം സർക്കാർ മെഡിക്കൽ കോളജുകളിൽ ഒരുക്കും. മറ്റ് വിദ്യാർഥികളുടെ കാര്യത്തിൽ ദേശീയ മെഡിക്കൽ കമ്മിഷനാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സർക്കാർ മെഡിക്കൽ കോളജുകളിലെ മെഡിക്കൽ വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റൈപൻ്റും ഈ വിദ്യാർഥികൾക്ക് നൽകും. തിരികെ എത്തിയ വിദ്യാർഥികളുടെ തുടർ പഠനം സാധ്യമാക്കുന്നതിന് കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ ആവശ്യമാണ്. വിഷയം കേന്ദ്ര സർക്കാരിൻ്റെയും ദേശീയ മെഡിക്കൽ കമ്മിഷൻ്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ സർട്ടിഫിക്കറ്റ് നഷ്‌ടമായവർക്ക് അത് തിരികെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ നോർക്കയ്ക്ക് 10 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിരുന്നു. യുക്രൈനിൽ നിന്നും പഠനം ഉപേക്ഷിച്ച് മടങ്ങേണ്ടി വന്ന മെഡിക്കൽ വിദ്യാർഥികൾക്ക് ആശ്വാസമാകുന്ന തീരുമാനമാണ് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. സി.കെ ഹരീന്ദ്രൻ എംഎൽഎയുടെ സബ്‌മിഷനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Also read: എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷ: 70% ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്ന് - വിദ്യാഭ്യാസ മന്ത്രി