തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ നിയമസഭയില്‍ താന്‍ നടത്തിയ ആരോപണം പച്ചക്കള്ളവും അസംബന്ധവുമെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഡിജിറ്റല്‍ തെളിവുകൾ ഉൾപ്പടെ നിരത്തിയാണ് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന്‍റെ വെബ്‌സൈറ്റില്‍ 2020 മെയ് 20ന്, കമ്പനിയുടെ സ്ഥാപകയുടെ മെന്‍ററും ഗൈഡും ജെയ്ക്ക് ബാലകുമാറാണ് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ജെയ്ക്ക് ബാലകുമാര്‍ ഡയറക്‌ടറായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് വിവാദങ്ങളില്‍പ്പെട്ടതോടെ വെബ്സൈറ്റ് അപ്രത്യക്ഷമായി.
പിന്നീട് ജൂണ്‍ 20ന് സൈറ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ അതില്‍ നിന്ന് ഈ വാചകം അപ്രത്യക്ഷമായി. കമ്പനിയുടെ വെബ്‌സൈറ്റില്‍ ഫൗണ്ടര്‍ ആയി കാണിച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെയും അവകാശിയായി കാണിച്ചിട്ടുള്ളത് മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനെയുമാണ്. ഫൗണ്ടര്‍ വീണ വിജയന്‍റെ മെന്‍ററും ഗൈഡുമാണ് ജെയ്ക്ക് ബാലകുമാര്‍ എന്ന് ഒരിക്കല്‍ പറഞ്ഞത് പിന്നീട് എന്തിന് പിന്‍വലിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
പറയുന്നത് കള്ളമാണെങ്കില്‍ മുഖ്യമന്ത്രി തനിക്കെതിരെ നിയമ നടപടി സ്വീകരിക്കട്ടെ. അതല്ല ഗൂഗിള്‍ മനപൂര്‍വ്വം ചെയ്‌തതാണെങ്കില്‍ എന്തുകൊണ്ട് അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പിണറായി വിജയന്‍ തയാറാകുന്നില്ലെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വഴിയാണോ സ്വപ്‌ന സെക്രട്ടേറിയറ്റില്‍ പ്രവേശിച്ചതെന്ന ചോദ്യത്തിന്, അത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാമെന്നായിരുന്നു മറുപടി. ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ഇനിയും പുറത്തുവിടുമെന്നും മാത്യു അറിയിച്ചു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്താണ് മുഖ്യമന്ത്രിയുടെ മകളും ജെയ്ക്ക് ബാലകുമാറും തമ്മില്‍ ബന്ധമുണ്ടെന്ന പഴയ ആരോപണം കുഴല്‍നാടന്‍ ഉന്നയിച്ചത്. ഇന്നാല്‍ മുഖ്യമന്ത്രി ഇത് നിഷേധിക്കുകയായിരുന്നു. ജെയ്‌ക്ക് ബാലകുമാര്‍ മെന്‍ററാണെന്ന് മകള്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ആരോപണം പച്ചക്കള്ളവും അസംബന്ധവുമാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാദം.