തിരുവനന്തപുരം: സംസ്ഥാനത്തെ തടവുകാരുടെ വരുമാന വർധനവിന് വഴിയൊരുക്കുകയാണ് കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ജയിലുകളിൽ നടക്കുന്ന മാസ്‌ക് നിർമാണം. അധിക തൊഴിൽസമയവും ഇരട്ടിവേതനവും അനുവദിക്കപ്പെട്ടതോടെ കൊവിഡ് കാലത്ത് വീട്ടിലേക്ക് കൂടുതൽ പണമയക്കാമെന്ന സന്തോഷത്തിലാണ് ഇവര്‍. അതിനായി രാവും പകലും പണിയെടുക്കാനും തയ്യാറാണ് പലരും.
കണ്ണൂർ സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച് ഏഴ് വർഷം മുമ്പാണ് ജയിലിലെത്തിയത്. അന്ന് രണ്ടു വയസ് മാത്രമുണ്ടായിരുന്ന മകൾക്ക് പിതാവ് ജയിലിലാണെന്ന് ഇപ്പോഴും അറിയില്ലത്രെ. ഇപ്പോൾ ഒന്‍പത് വയസുള്ള മകൾക്കായി ജയിൽ വിടുമ്പോൾ ഭേദപ്പെട്ട ഒരു തുക കരുതാമെന്ന പ്രതീക്ഷയിലാണ് ഇയാൾ.
കൊലപാതകത്തിന് ജീവപര്യന്തം ലഭിച്ച മധ്യപ്രദേശുകാരനായ മുപ്പത്തിമൂന്നുകാരനും ഇടുക്കിയിലുള്ള കുടുംബത്തിന് പണമയക്കാന്‍ പരമാവധി സമയം പണിയെടുക്കുകയാണ്. കൊവിഡിന്‍റെ തിരിച്ചുവരവിനെ ലോകം ഭയക്കുന്നതിനാൽ മാസ്‌ക് നിർമാണത്തിന്‍റെ സാധ്യതകൾ അവസാനിക്കുന്നില്ല.
കുറ്റവാസനയില്ലാതെ പ്രത്യേക സാഹചര്യത്തിൽ കുറ്റം ചെയ്യുകയും ജയിൽശിക്ഷ ലഭിക്കുകയും ചെയ്തവർക്ക് പിന്നീടുള്ള ജീവിതം ദുഷ്കരമാണ്. തുടർന്ന് ജീവിക്കാനുള്ള വഴിയായി പലരും ഇപ്പോൾ മാസ്‌ക് നിർമാണത്തെ കാണുന്നു. പരോളിലിറങ്ങി മാസ്‌ക് നിർമിച്ചു വിൽക്കുന്ന വയനാട്ടിലെ ലിസിയും തൃശ്ശൂരിലെ തോമസുമാണ് നല്ല ഉദാഹരണങ്ങൾ.