തിരുവനന്തപുരം : വിദ്യാർഥി യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നവരിൽ നല്ലൊരു വിഭാഗവും മദ്യപാനികളെന്ന പ്രസ്‌താവന വിവാദമായതോടെ മാധ്യമങ്ങളെ പഴിചാരി എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് മാധ്യമങ്ങൾ മയക്കുമരുന്ന് ലോബിയെ സഹായിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനാചരണ പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
മുന്‍ പരാമര്‍ശം വിവാദമായതോടെ പേഴ്‌സണൽ സ്റ്റാഫ് അംഗം അദ്ദേഹത്തെ വിവരമറിയിച്ചു. തുടർന്ന് പ്രസംഗത്തിന്‍റെ അവസാന ഭാഗത്തിൽ മന്ത്രി മാധ്യമങ്ങൾക്കെതിരെ തിരിയുകയായിരുന്നു. വിദ്യാർഥി യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നവരിൽ നല്ലൊരു വിഭാഗവും മദ്യപാനികളാണെന്നായിരുന്നു മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞത്.
Read more: വിദ്യാർഥി യുവജന സംഘടനകളിലെ പലരും മദ്യപാനികൾ: മന്ത്രി എം.വി ഗോവിന്ദൻ
സാമാന്യം നല്ല രീതിയിൽ മദ്യപിക്കുന്നവരാണ് ഏറിയ പങ്കും. ബോധവത്‌കരണ പരിപാടികളിൽ പങ്കെടുക്കാൻ ഇവർ മടി കാണിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളം മയക്കുമരുന്നിന്‍റെ ഹബ്ബായി മാറുന്നുവെന്നും മന്ത്രി പ്രസംഗത്തിൽ പറഞ്ഞിരുന്നു.