തിരുവനന്തപുരം: അഭിനയത്തിനുള്ള ഓസ്‌കർ തനിക്ക് മാധ്യമങ്ങൾ ചാർത്തിത്തന്നുവെന്ന പരിഹാസവുമായി എം ശിവശങ്കർ. ചോദ്യം ചെയ്യലിന് ഹാജരാകുന്നിടത്തെല്ലാം മീഡിയ സ്വാഗതസംഘമാണ് തന്നെ മാസ്‌കില്ലാതെ മൈക്കും ലൈറ്റുമായി സ്വീകരിച്ചതെന്നും ശിവശങ്കർ പരിഹസിക്കുന്നു. തനിക്കും കുടുംബത്തിനുമെതിരെ മാധ്യമങ്ങൾ നടത്തിയത് അഴിഞ്ഞാട്ടമാണ്.
'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരിൽ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലാണ് മാധ്യമങ്ങളുടെ ജനാധിപത്യ വിരുദ്ധ പ്രവണതയ്ക്കെതിരായ രൂക്ഷമായ പ്രതികരണം.
അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിനും മാനസിക പീഡനത്തിനുമിടെ കലശലായ നടുവേദനയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തനിക്കെതിരെ മാധ്യമങ്ങൾ മെനഞ്ഞത് കള്ളക്കഥയായിരുന്നു.
ഏറെ വിഷമകരമായിരുന്ന തന്‍റെ ശാരീരികാവസ്ഥയെ അഭിനയമെന്ന് മാധ്യമങ്ങൾ ചിത്രീകരിച്ച സംഭവം ശിവശങ്കർ ഇങ്ങനെ വിവരിക്കുന്നു.
"അഞ്ചാറു മണിക്കൂർ കഴിഞ്ഞാണ് കണ്ണു തുറന്നത്. അപ്പോഴേക്കും ഡ്രിപ്പൊക്കെയിട്ട് രക്തസമ്മർദ്ദം നിയന്ത്രിച്ചിരുന്നു. ആൻജിയോഗ്രാം ചെയ്യാനും നടുവേദനയുടെ രൂക്ഷതയുടെ കാരണം പരിശോധിക്കാൻ എംആർഐ എടുക്കാനും തീരുമാനിച്ചിരുന്നു. നിരന്തരമായ യാത്രയും മാനസികസമ്മർദ്ദവും ഒക്കെ ആകാം കാരണം. മറ്റു ഗുരുതരമായ പ്രശ്‌നമൊന്നുമില്ലെന്ന് മാലുവും അവരുടെ സഹപ്രവർത്തകരായ ഡോക്ടർമാരും പറഞ്ഞു.
പക്ഷേ അപ്പോഴേക്കും ഒന്നാന്തരം ഒരു കഥ മാധ്യമങ്ങൾ മെനഞ്ഞെടുത്തു പ്രചരിപ്പിച്ചിരുന്നു. അറസ്റ്റു ചെയ്‌ത് ജയിലിലേക്ക് പോകുന്നതിന് പകരം ശീതീകരിച്ച ആശുപത്രിയിൽ സുഖവാസമനുഷ്‌ഠിക്കുന്ന കൊടും ക്രിമിനലുകളുടെയും അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും പട്ടികയിലേക്ക് എന്നെ അവർ ഉയർത്തി. അതും സ്വന്തം ഭാര്യയുടെ സ്വകാര്യ ആശുപത്രിയിൽ. അസുഖം അഭിനയിച്ചതിന് ഓസ്‌കാറും അനുവദിച്ചു കിട്ടി".
നെഫ്രോളജിസ്റ്റ് ആയ ഭാര്യ ആദ്യകാലത്ത് പഠിച്ചുകൊണ്ട് ജോലി ചെയ്‌തിരുന്ന സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥത മാധ്യമങ്ങൾ ഭാര്യയുടെ മേൽ ചാർത്തി കൊടുക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്ന് തന്‍റെ ശാരീരികാവസ്ഥ മെച്ചപ്പെടും മുമ്പേ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നതും മാധ്യമങ്ങൾ വസ്‌തുതാവിരുദ്ധമായ വാർത്തകളിലൂടെ ഉയർത്തിയ സമ്മർദ്ദം മൂലമായിരുന്നുവെന്നും ശിവശങ്കർ കുറ്റപ്പെടുത്തുന്നു.
കരമനയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുമ്പോൾ മാധ്യമങ്ങൾ ചെയ്‌ത ക്രൂരത ശിവശങ്കർ വിവരിക്കുന്നത് ഇങ്ങനെ.
എല്ലാ ചാനലുകളും അവരുടെ ഒ.ബി വാനുകളും ക്യാമറകളും റിപ്പോർട്ടർമാരുമായി നിരന്ന് ആശുപത്രി വളപ്പ് പൂരപ്പറമ്പാക്കി. ഒരു പ്രമുഖ വ്യക്തിയുടെ മരണമുണ്ടായാൽ അതിന്‍റെ റിപ്പോർട്ടിങ്ങിൽ പോലും ബന്ധപ്പെട്ട ആശുപത്രിയുടെ പേര് പറയാതെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം എന്നുമാത്രം റിപ്പോർട്ട് ചെയ്‌ത് സ്വകാര്യത സംരക്ഷിക്കുന്ന അതേ മാധ്യമങ്ങൾ അവിടെ അഴിഞ്ഞാടി. അതിന്‍റെ പരിണതഫലം അടുത്ത ദിവസം രാവിലെ തന്നെ വ്യക്തമായി.
ആശുപത്രിയുടെ മെഡിക്കൽ ബോർഡ് കൂടി, ജീവന് അപകടം ഉണ്ടാകാതെ സൂക്ഷിക്കുന്നതിന് ആവശ്യമായിരുന്നതിനാൽ മാത്രമാണ് അടിയന്തരമായി അഡ്‌മിറ്റ് ചെയ്‌തതെന്നും ആ സാഹചര്യം ഇപ്പോൾ ഇല്ലാത്തതിനാൽ കൂടുതൽ നിരീക്ഷണത്തിനും പരിശോധനയ്ക്കുമായി മെഡിക്കൽ കോളജിലേക്ക് വിടാനും തീരുമാനിച്ചു. എന്‍റെ ശാരീരികസ്ഥിതി എത്ര വിഷമകരമാണെന്ന് അറിയുന്ന മാലുവിന് അതൊരു ഷോക്ക് ആയിരുന്നു. അതിലും വിഷമകരമായിരുന്നു വൻ മീഡിയ കവറേജോടെ എന്നെ സ്ട്രെച്ചറിൽ എടുത്ത് ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജിലേക്ക് അയച്ച ഭാഗം. മാധ്യമങ്ങളുടെ ക്രൂരമായ ആക്രമണോത്സുകത പൂർണമായും വെളിച്ചത്ത് കാണാനായ അവസരമായിരുന്നു അതെന്ന് പറയാതെ തരമില്ല."
ഒക്ടോബർ 9, 10 തീയതികളിൽ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ മാധ്യമങ്ങളുടെ സാന്നിധ്യത്തെ ശിവശങ്കർ വിശദീകരിക്കുന്നത് ഇങ്ങനെ.
രാവിലെ 10.30 ഓടെ കൊച്ചി ബ്രോഡ് വേയിലെ കസ്റ്റംസിന്‍റെ ഓഫീസിലെത്തി. അവിടെ ആദ്യമായാണ്. മീഡിയ സ്വാഗതസംഘം ഉണ്ട്. മൈക്കും ലൈറ്റുമേന്തി മാസ്കില്ലാതെ അവർ സ്വീകരിച്ചു.
ആത്മകഥയുടെ ഒരു ഭാഗമാണ് പച്ചക്കുതിര ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ചത്. ഇതിൽ ഉടനീളം മാധ്യമങ്ങൾ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് ആരോപിക്കുന്നത്.
READ MORE: 'അശ്വത്ഥാമാവ് വെറും ഒരു ആന', എം.ശിവശങ്കറിന്‍റെ ആത്മകഥ ഉടന്‍