തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെ ഇപ്പോഴും എതിർക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അടിയന്തര സാഹചര്യം സർക്കാർ ഗവർണറെ ബോധ്യപ്പെടുത്തിയിട്ടുണ്ടാകും. അതിനാലാണ് ഗവർണർ ഒപ്പുവച്ചതെന്നും കാനം പറഞ്ഞു. ലോകായുക്ത നിയമ ഭേദഗതിക്കുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പ് വച്ചതിന് പിന്നാലെയാണ് കാനം രാജേന്ദ്രൻ്റെ പ്രതികരണം.
അതേസമയം ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് ഇതുവരെ സിപിഐയെ ബോധ്യപ്പെടുത്തിയിട്ടില്ലെന്നും കാനം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ചർച്ച ചെയ്‌ത് അഭിപ്രായ സമന്വയം ഉണ്ടാകണം. വിഷയം നേരത്തെ മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്തോ എന്നറിയില്ല. മന്ത്രിസഭാ യോഗത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും കാനം പറഞ്ഞു.
'സിപിഐയെ അടിയന്തര സാഹചര്യം ബോധ്യപ്പെടുത്തിയിട്ടില്ല'
മന്ത്രിസഭയിൽ സിപിഐ മന്ത്രിമാരുടെ നിലപാട് തന്നോട് പറഞ്ഞിട്ടില്ല എടുക്കുക. സിപിഎമ്മുമായി ഒരു ചർച്ചയും നടന്നിട്ടില്ല. എൽഡിഎഫ് വിഷയം ചർച്ച ചെയ്‌താൽ സിപിഐ നിലപാട് വ്യക്തമാക്കുമെന്നും കാനം പറഞ്ഞു. ചർച്ചചെയ്‌ത് അടിയന്തര സാഹചര്യം എന്താണെന്ന് ബോധ്യപ്പെട്ടാൽ മാത്രം ഓർഡിനൻസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് ഒരു രാഷ്ട്രീയ ചർച്ചയും നടന്നിട്ടില്ലെന്നും കാനം കൂട്ടിച്ചേർത്തു.
ശിവശങ്കറിൻ്റെ പുസ്‌തകം 'അശ്വത്ഥാമാവ് വെറും ഒരു ആന'
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പുസ്‌തകം ചർച്ചയായത് ശിവശങ്കറിൻ്റെ മാർക്കറ്റിങ് തന്ത്രമാണെന്നും അതിൽ മാധ്യമങ്ങൾ വീണുവെന്നും കാനം രാജേന്ദ്രൻ. വിഷയത്തിൽ സിപിഐ മറുപടി പറയുന്നില്ലെന്നും കാനം പറഞ്ഞു. സിപിഐക്ക് സ്വർണക്കടത്ത് ഇല്ലെന്നും അത് രക്ഷിക്കാനുള്ള ശ്രമവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
READ MORE: സര്‍ക്കാരിന് ആശ്വാസം, ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു