തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പോത്തൻകോട് മേലേ മുക്കിലെ വഴിയോരത്ത് നടത്തുന്ന മത്സ്യ കച്ചവടം അവസാനിപ്പിക്കാൻ പൊലീസ് നടപടിയെടുക്കണമെന്ന് നാട്ടുകാർ. അനധികൃത മത്സ്യകച്ചവടത്തിനെതിരെ നാട്ടുകാർ നിരവധി തവണ പോത്തൻകോട് പൊലീസിലും വെമ്പായം പഞ്ചായത്തിലും പരാതി നൽകിയെങ്കിലും അധികൃതർ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കച്ചവടത്തിന് ശേഷം ബാക്കി വരുന്ന അഴുകിയ മത്സ്യങ്ങൾ പ്രദേശത്ത് കച്ചവടക്കാർ ഉപേക്ഷിച്ചു പോകുന്നതിനാൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം പരക്കുകയാണ്. പോത്തൻകോട് പഞ്ചായത്ത് അതിർത്തിയിൽ തെരുവോര മത്സ്യ കച്ചവടം നിരോധിച്ചതിനാൽ റോഡിന് മറുവശത്തെ വെമ്പായം പഞ്ചായത്ത് അതിർത്തിയിലാണ് ഈ അനധികൃത മത്സ്യ കച്ചവടം പൊടിപൊടിക്കുന്നത്. 200 മീറ്റർ മാറി പോത്തൻകോട് പൊതുമത്സ്യമാർക്കറ്റ് ഉണ്ടെങ്കിലും കച്ചവടക്കാർ മനപൂർവ്വം റോഡരികില്‍ കച്ചവടം നടത്തുന്നത് ഇപ്പോൾ പതിവാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.