തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത ചട്ടം പ്രഖ്യാപിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. ഫ്ലക്സ് ബോർഡുകൾ പ്രചാരണത്തിന് ഉപയോഗിക്കാൻ അനുമതിയില്ല. പ്ലാസ്റ്റിക്, തെർമോകോൾ, ഡിസ്പോസിബിൾ വസ്തുക്കൾ എന്നിവയെല്ലാം ഒഴിവാക്കണം. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വലിയതോതിൽ മാലിന്യനിക്ഷേപം രൂപപ്പെടുന്നത് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രം പ്രചാരണത്തിന് ഉപയോഗിക്കാനാണ് കമ്മിഷൻ നിർദ്ദേശം. കോട്ടൺ തുണിയിലും കോട്ടണും പേപ്പറും ഉൾപ്പെടുന്ന മീഡിയം കൊണ്ടും ബോർഡുകൾ തയ്യാറാക്കി ഉപയോഗിക്കാം.
പനമ്പായ, പുൽപ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ പ്രചാരണത്തിന് ഉപയോഗിക്കാം. അനുമതിയുള്ള സ്ഥലങ്ങളിൽ ഡിജിറ്റൽ ബോർഡുകളും സ്ഥാപിക്കാം. തുണിയിലോ പേപ്പറിലോ നിർമിച്ച കൊടിതോരണങ്ങൾ ഉപയോഗിക്കാം. സ്ഥാനാർഥികളുടെ പര്യടന വാഹനങ്ങൾ അലങ്കരിക്കുമ്പോഴും ഹരിതചട്ടം ബാധകമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ബോർഡുകളും കൊടികളും തോരണങ്ങളും സ്ഥാപിച്ചവർ തന്നെ ശേഖരിച്ച് തരംതിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമസേനകൾക്ക് കൈമാറണമെന്നും നിർദേശമുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനൊപ്പം സർക്കാരും ഹരിത കേരള മിഷനും ശുചിത്വ മിഷനും ചേർന്നാണ് ഇക്കാര്യങ്ങൾ നിരീക്ഷിക്കുക.