തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യ വിൽപന കേന്ദ്രം തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടരുകയാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെഎസ്ആര്‍ടിസി ഡിപ്പോകളും സ്റ്റാന്‍ഡും ഇല്ലാത്ത ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ ഔട്‌ലെറ്റിനുള്ള സാധ്യത പരിശോധിക്കുകയാണ്. ബെവ്‌കോയുമായി ചര്‍ച്ച തുടരുകയാണെന്നും ആന്‍റണി രാജു രേഖ മൂലം നിയമസഭയെ അറിയിച്ചു.
കെഎസ്ആര്‍ടിസിയുടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളില്‍ ഔട്‌ലെറ്റുകള്‍ക്ക് സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് എം.ഡി ബിജു പ്രഭാകര്‍ നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ എക്‌സൈസ് വകുപ്പില്‍ നിന്ന് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായിട്ടില്ല.
നഷ്‌ടത്തിലിരിക്കുന്ന കോര്‍പ്പറേഷന്‍റെ ആസ്‌തികള്‍ ഉപയോഗിച്ച് പരമാവധി വരുമാനം കണ്ടെത്താനാണ് ഇത്തരമൊരു നിർദേശം എം.ഡി മുന്നോട്ട് വച്ചത്. ഈ നിര്‍ദേശത്തിനെതിരെ വ്യപകമായി എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇനി വിഷയത്തിൽ സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.