തിരുവനന്തപുരം: ഗുജറാത്തിൽ നിന്ന് കഴിഞ്ഞമാസം തിരുവനന്തപുരം മൃഗശാലയിലെത്തിച്ച പെൺസിംഹം രാധ ചത്തു. നെയ്യാർ സഫാരി പാർക്കിലേക്കായി കൊണ്ടുവന്ന രണ്ട് ഇന്ത്യൻ സിംഹങ്ങളിലൊന്നാണ് ചത്തത്. പോസ്റ്റുമോർട്ടത്തിനു ശേഷം ജഡം മൃഗശാലാ ശ്മശാനത്തിൽ സംസ്കരിച്ചു.
സക്കർബാഗിൽ നിന്ന് നാഗരാജ് എന്ന ആൺ സിംഹത്തിനൊപ്പമായിരുന്നു ആറര വയസ്സുകാരി രാധയുടെ വരവ്. ഇരുവരെയും ഒരു മാസമായി തിരുവനന്തപുരം മൃഗശാലയിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. കാലാവസ്ഥാ മാറ്റവും യാത്രയുടെ സമ്മർദ്ദവും തളർത്തിയ രാധ വേണ്ടത്ര ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. രണ്ടാഴ്ച മുമ്പ് പിൻകാലിന് തളർച്ച ബാധിച്ച് ചലനശേഷി കൂടി നഷടമായതോടെ തീർത്തും അവശയായി. സാധ്യമായ ചികിത്സകളെല്ലാം നൽകിയിട്ടും ഫലമുണ്ടായില്ല.
രാധയ്ക്കൊപ്പം ഗുജറാത്തിൽ നിന്ന് എത്തിയ നാഗരാജിനെ മഴ മാറുന്നതോടെ നെയ്യാറിൽ തുറന്നുവിടും.