തിരുവനന്തപുരം: കെ.എം ഷാജിക്കെതിരെ കേസെടുക്കാമെന്ന വിജിലൻസ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശത്തിന്‍റെ പകർപ്പ് ഇ ടി വി ഭാരതിന്. 2018 ഏപ്രിൽ 16ന് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ.ഡി ബാബു നൽകിയ നിയമോപദേശത്തിന്‍റെ പകർപ്പാണ് പുറത്ത് വന്നത്. ഷാജിക്കെതിരെ കേസെടുക്കാൻ ആവശ്യമായ തെളിവുകൾ ഉണ്ടെന്ന് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. സാക്ഷിമൊഴികൾ ആരോപണത്തെ സാധുകരിക്കുന്നതാണ്. ഇതിന് രേഖാപരമായ തെളിവുകൾ ഉണ്ടെന്നും നിയമോപദേശത്തിൽ പറയുന്നു.
ഒന്ന് മുതൽ ഏഴ് വരെയുള്ള സാക്ഷിമൊഴികൾ തെളിവായി പരിഗണിക്കാം. 2014 മാർച്ച് 31 മുതൽ 2015 മാർച്ച് 31 വരെയുള്ള അഴീക്കോട് എജ്യുക്കേഷണൽ സൊസൈറ്റിയുടെ വരവ്-ചെലവ് കണക്കുകളും തെളിവായി പരിഗണിക്കാമെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
കെ.എം ഷാജിക്കെതിരെ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ നൽകിയ നിയമോപദേശം തള്ളിയാണ് വിജിലൻസ് കേസെടുത്തതെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസിന്റെ ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശത്തിന്‍റെ പകർപ്പ് പുറത്ത് വന്നിരിക്കുന്നത്. പ്ലസ് ടു അനുവദിക്കുന്നതിനായി അഴീക്കോട് ഹൈസ്കൂളിൽ ഹയർ സെക്കന്‍ററി കോഴ്‌സ് അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ഷാജിക്കെതിരായ കേസ് . 2017 സെപ്‌തംബറില്‍ സിപിഎം നേതാവും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കുടവൻ പത്മനാഭനാണ് വിജിലൻസിന് പരാതി നൽകിയത്.