തിരുവനന്തപുരം: സാംസ്‌കാരിക മേഖലയില്‍ 157 കോടിരൂപ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. വിവിധ അക്കാദമികള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിവക്കായി പണം വകയിരുത്തിയിട്ടുണ്ട്. വനിത സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്ന് കോടി രൂപയും പട്ടിക വിഭാഗ സംവിധായകരുടെ പ്രോത്സാഹനത്തിന് രണ്ട് കോടി രൂപയും വകയിരുത്തി. ഒരാള്‍ക്ക് നല്‍കുന്ന ധനസഹായം 50 ലക്ഷം രൂപ. അമച്ചർ നാടകങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്ന് കോടി രൂപ വകയിരുത്തി. ഒരു നാടകത്തിന് അഞ്ച് ലക്ഷം രൂപയാണ് നല്‍കുക. പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് വേണ്ടി 2 കോടിയും വകയിരുത്തി. ജനപങ്കാളിത്തത്തോടെ പുരാവസ്‌തു രേഖ ഡിജിറ്റലൈസ് ചെയ്‌ത് സൂക്ഷിക്കുന്നതിന് സ്കീം ആരംഭിക്കും.
മലയാളം മിഷന് 4 കോടി രൂപ വകയിരുത്തി. കൊച്ചി കടവന്തറയില്‍ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ സെന്‍റര്‍ ആരംഭിക്കും. കലാകാരന്മാരുടെ വാസനയും നൈപുണ്യവും പ്രോത്സാഹിപ്പിക്കുന്നതിന് അന്തര്‍ ദേശീയ കലാ കമ്പോളവുമായി ബന്ധിപ്പിക്കുന്നതിനും റൂറല്‍ ആര്‍ട്ട് ഹബ്ബുകള്‍ തുടങ്ങും. സാംസ്‌കാരിക തെരുവ് പൊതു ഇടങ്ങളില്‍ ആരംഭിക്കുന്നതിന് സ്കീമുകള്‍ സൃഷ്ടിക്കും. യുവ കലാകാരന്മാര്‍ക്കുള്ള ആയിരം ഫെലോഷിപ്പ് തുടരും. ഫീല്‍ഡ് ആര്‍ക്കിയോളജിക്ക് അഞ്ച്കോടി രൂപ അനുവദിച്ചു. സാഹിത്യ പ്രവര്‍ത്തന സംഘത്തിന്‍റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കോട്ടയത്ത് സാഹിത്യ മ്യൂസിയം സംഘടിപ്പിക്കും. കിളിമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് രാജാ രവി വര്‍മയുടെ സ്മാരകമായി അന്തര്‍ദേശീയ നിലവാരത്തില്‍ ആര്‍ട്ട് സ്ക്വയര്‍ നിര്‍മിക്കും. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലെ നവോത്ഥാന നായകര്‍ക്ക് അവരുടെ നാട്ടില്‍ സ്മാരകം നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപ വീതം അനുവദിക്കും.
എം.പി വിരേന്ദ്രകുമാറിന് കോഴിക്കോട് സമുചിതമായ സ്മാരകം നിര്‍മിക്കുന്നതിന് അഞ്ച് കോടി അനുവദിച്ചു. ആറന്മുളയില്‍ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമായിരിക്കും. അവിടെ മലയാള കവിതകളുടെ ദൃശ്യ ശ്രാവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ട് കോടി രൂപ ട്രസ്റ്റിന് അനുവദിച്ചു. കെപിഎസിയുടെ നാടക ചരിത്രത്തിന് സ്ഥിരം വേദി ഒരുക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു. കൂനമാവിലെ 175 വര്‍ഷം പഴക്കമുള്ള ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റെ ആസ്ഥാനം മ്യൂസിയം ആക്കുന്നതിന് 50 ലക്ഷം അനുവദിച്ചു. തൃശൂരില്‍ സ്വാമി വിവേകാനന്ദ പ്രതിമ സ്ഥാപിക്കുന്നതിന് 25 ലക്ഷം അനുവദിച്ചു. സൂര്യ ഫെസ്റ്റിവല്‍, മുംബൈ മ്യൂസിക് അക്കാദമി എന്നിവയ്ക്കായി 50 ലക്ഷം രൂപ വീതം അനുവദിച്ചു.
സംസ്ഥാന ലൈബ്രറി മിഷന് കീഴിലുള്ള ലൈബ്രേറിയന്‍മാരുടെ അലവന്‍സ് 1000 രൂപ വീതം വര്‍ധിപ്പിച്ചു. മീഡിയ അക്കാദമിക്ക് 5 കോടി രൂപയും കേരള മ്യൂസിയത്തിന് 1 കോടി രൂപയും വകയിരുത്തി. മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിത പത്രപ്രവര്‍ത്തകര്‍ക്ക് തലസ്ഥാന നഗരിയില്‍ താമസൗകര്യത്തോടെയുള്ള പ്രസ് ക്ലബ്ബ് ഉണ്ടാക്കുമെന്നും ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനുകള്‍ 1000 രൂപ വീതം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു.